About Me

My photo
A person who loves to read, write, sing and share thoughts.

Tuesday, July 8, 2008

ഒരു കുഞ്ഞുണ്ണിക്കഥ

സ്കൂളിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കവിയരങ്ങായിരുന്നു അന്ന്. മുന്‍പു കേട്ടിട്ടുള്ളതും ഇല്ലാത്തതുമായ ഒട്ടേറെ കവികള്‍ അന്നവിടെ എത്തിയിരുന്നു. മിക്കതും പൂര്‍ണ്ണമായും മനസ്സിലായില്ലെങ്കിലും അവര്‍ ചൊല്ലിയ കവിതകള്‍ ശ്രദ്ധയോടെ കേട്ടിരുന്നു. ഏറെ നാളായി കേള്‍ക്കുകയും കാണാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്ന, കുട്ടികളുടെ കവിയെ നേരിട്ടു കാണാന്‍ കഴിഞ്ഞതിന്‍റെ പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷത്തിലായിരുന്നു ഞാന്‍.

കവിയരങ്ങിനു ശേഷം അദ്ദേഹം കുട്ടികളുമായി സംവദിക്കാന്‍ ഒരുങ്ങിയപ്പോള്‍ കൌതുകത്തോടെ തിക്കിത്തിരക്കി രണ്ടാം നിരയില്‍ തന്നെ സ്ഥാനം പിടിച്ച് സ്കൂള്‍ മുറ്റത്തെ വലിയ വാകമരച്ചുവട്ടില്‍ ഇരുന്നു. കുട്ടികളുടെ മഹാകവി ഒരുപാടു കവിതകള്‍ ചൊല്ലി. ഞങ്ങളെല്ലാം അതേറ്റുപാടി. പിന്നീടദ്ദേഹം ഒരു കവിത ഒരു തവണ മാത്രം കേട്ട് ഹൃദിസ്തമാക്കുന്നവര്‍ മുന്നോട്ടു വരാന്‍ പറഞ്ഞപ്പോള്‍ തെല്ലു നാണത്തോടെ എഴുനേറ്റു നിന്ന് ആ കവിത പാടി. പ്രിയകവിയില്‍ നിന്നുമുള്ള "മിടുമിടുക്കി" എന്ന പ്രശംസ കേട്ട് വാനില്‍ പാറിപറക്കുന്ന പൂത്തുമ്പിയായി..

പരിപാടി കഴിഞ്ഞു എല്ലാവരും പിരിയാനോരുങ്ങവേ ആരില്‍ നിന്നോ കടം വാങ്ങിയ ഒരു ഡയറിത്താളുമായി അദ്ദേഹത്തിന്‍റെ രണ്ടുവരി വാങ്ങാന്‍ തിക്കിത്തിരക്കി ചെന്നു. എന്നെ കണ്ടയുടനെ, പൊക്കമില്ലായ്മയെ തന്‍റെ പൊക്കമാക്കിയ കവി ചോദിച്ചു,

"ഇതു നമ്മുടെ പാട്ടുകാരി അല്ലെ? "

വിനയപൂര്‍വ്വം തൊഴുതുനില്‍ക്കെ, കുട്ടിക്കവിതകള്‍ കൊണ്ടു ചിരിയും ചിന്തയും നമ്മില്‍ ഉണര്‍ത്തി ഏകനായ് കടന്നുപോയ ആ മഹാനുഭാവന്‍ ഇങ്ങനെ എഴുതി..

"പാട്ടിലാക്കുക! പാട്ടിലാവരുത്! "

5 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഒരു തീപ്പട്ടി കൊള്ളി തരൂ,
ഒരു ബീഡി തരൂ,
ഒരു ചുണ്ടു തരൂ,
ഞാന്‍ ഒരു ബീഡി വലിച്ചു രസിക്കട്ടെ.. ""

ആ കുഞ്ഞു ഉണ്ണി ശരീരവും
ആ വലിയ മനസ്സും
മലയാളത്തില്‍ ഒരുപാടു കാലം
മറക്കാതെ നില്ക്കും...

കൊള്ളാം...

അനിയന്‍

chimbu said...

kollaaaaam

Ajith said...

Good My dear

നിരക്ഷരൻ said...
This comment has been removed by the author.
നിരക്ഷരൻ said...

അവിടെയും അദ്ദേഹം തന്റെ കുഞ്ഞുകവിത പുറത്തെടുത്തു അല്ലേ ? എനിക്കും പരിചയപ്പെടാന്‍ അവസരമുണ്ടായിട്ടുണ്ട് കുഞ്ഞുണ്ണി മാഷിനെ.