About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, December 9, 2009

അവിചാരിതം

വഴിയോരക്കാഴ്ചകളില്‍ മനമുടക്കാതെ ശൂന്യമായ മനസോടെ കാറിന്റെ പിന്‍സീറ്റില്‍ വെറുതെയിരിക്കുമ്പോള്‍ എന്തുകൊണ്ടോ ആ യാത്ര അവസാനിക്കാതിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥനയായിരുന്നു. പൂമ്പാറ്റകളെ പോലെ പാറിപ്പറക്കുന്ന കുഞ്ഞുങ്ങളെ എനിക്കിനിയും കാണാന്‍ വയ്യ! അത്രയ്ക്ക് പണിപ്പെട്ടാണ് മനസിനെ വീണ്ടും നിയന്ത്രണവിധേയമാക്കിയത്. ഇനിയും മറ്റൊരു കുഞ്ഞിനായി തെരച്ചിലോ ആശാഭംഗമോ താങ്ങാന്‍ വയ്യതന്നെ! ആരും വേണ്ട ഞങ്ങളുടെ ഇടയില്‍.. എനിക്ക് പവിയും പവിക്കു ഞാനും മതി അവസാനം വരെ. ആഗ്രഹിക്കുന്നതൊക്കെ തന്നാല്‍ പിന്നെ തനിക്ക് വിലയുണ്ടാവില്ലെന്നു ഈശ്വരന് തോന്നിക്കാണും.


ആദ്യമാദ്യം അതൊരു കുറവായി തോന്നിയില്ല. പിന്നീടെപ്പോഴോ എല്ലാവരും കൂടുന്നയിടത്ത് ഒറ്റപ്പെടുന്നതറിഞ്ഞു, അത്തരം അവസരങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചു. പിന്നെ പുറത്തിറങ്ങാന്‍, ആരോടെങ്കിലും സംസാരിക്കാന്‍ ഒക്കെ മടിയായി. വിഷാദത്തിന്റെ മഞ്ഞുപുതപ്പ് എന്നില്‍ നിന്നും വലിച്ചുമാറ്റാന്‍ പവി കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. എല്ലാമറിയുന്ന സൈമണ്‍സാര്‍ കഴിഞ്ഞ ദിവസം ഫാദര്‍ ജോണിന്റെ അടുത്തേക്ക് ഞങ്ങളെ കൊണ്ടുപോവുമ്പോഴും അത്തരമൊരു സ്വന്തമാക്കലിന് മനസ് പൂര്‍ണ്ണമായും സജ്ജമായിരുന്നില്ല.

സ്നേഹസദനത്തിന്റെ ഓഫീസ് മുറിയിലെ ഔപചാരികതയുടെ സംസാരശകലങ്ങളില്‍ മനസര്‍പ്പിക്കാനാവാതെ വെറുതെ പുറത്തേക്കു നോക്കിയിരുന്നു. മരത്തണലില്‍ കളിക്കുന്ന കുട്ടികളില്‍നിന്നും കുറച്ചകലെയായി തനിയെ ഇരുന്നു ചിത്രം വരയ്ക്കുന്ന ആ കുഞ്ഞുമുഖം മാത്രം ശ്രദ്ധയില്‍ പെടുത്തിയത് ഈശ്വരനായിരുന്നോ? ആ കുഞ്ഞിന്‍റെ അരികിലെത്തിയതും കുനിഞ്ഞിരുന്നു അവളുടെ ചിത്രപുസ്തകം എടുത്തു നോക്കിയതും അവളുടെ കഴിവില്‍ അതിശയിച്ച് ചേര്‍ത്തുപിടിച്ച് മിനുസമുള്ള കവിളില്‍ കുഞ്ഞുമ്മ വെച്ചതും ഒക്കെ ദൈവനിയോഗം തന്നെയാണോ? കഥപറയുന്ന വിടര്‍ന്ന മിഴികള്‍ വളരെ പെട്ടെന്നുതന്നെ മനം കവര്‍ന്നു എന്നതും, അവളെന്റെ മകളായിരുന്നെങ്കില്‍ എന്ന് വല്ലാതെ മോഹിച്ചുപോയതും അവളുടെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ നെഞ്ചില്‍ ചുരന്ന വാത്സല്യവും എല്ലാം സത്യമാണ്. പിന്നിലെത്തിയ പവിയുടെ മുഖത്തെ ഭാവം തിരിച്ചറിയാന്‍ നേരമെടുത്തില്ല. മറ്റൊരു കുഞ്ഞിനെകൂടി കാണാന്‍ പോലും രണ്ടുപേര്‍ക്കും തോന്നിയതേയില്ല.

പക്ഷെ... പിന്നാലെ എത്തിയ ഫാദര്‍ ജോണിന്റെ വാക്കുകള്‍ അല്ലെ എല്ലാം തകര്‍ത്തത്?
"ഇതാണ് ഞങ്ങളുടെ അഞ്ജുമോള്‍..അഞ്ജല. ഇവളിവിടെ വന്നിട്ട് നാലു വര്‍ഷമാവുന്നു.. കേള്‍വിശക്തി ഇല്ലാത്തതുകൊണ്ട് അവളെ കൊണ്ടുപോവാന്‍ ആരും തയ്യാറായില്ല....." പിന്നീടെന്തോക്കെയോ അദ്ദേഹം പറഞ്ഞുവെങ്കിലും ഒന്നും കേള്‍ക്കാനായില്ല. ചുവരില്‍ കൈ താങ്ങി പതിയ നടന്നു എങ്ങനെയോ കാറില്‍ കയറിയതുമാത്രം ഓര്‍മ്മയുണ്ട്.

ഒരു ബധിരയും മൂകയുമായ കുഞ്ഞിനു ജീവിതം കൊടുക്കുന്നത് പുണ്യമാവാം. എങ്കിലും സ്വന്തം ഉദരത്തില്‍ പിറന്നില്ലെങ്കിലും എല്ലാ അമ്മമാരെയുംപോലെ തന്‍റെ കുഞ്ഞില്‍ നിന്നും സ്നേഹത്തോടെയുള്ള ഒരു വിളി കേള്‍ക്കാന്‍ ആഗ്രഹിച്ചുപോവില്ലേ? ചെവിയുടെ പ്രശ്നം ശസ്ത്രക്രിയ കൊണ്ട് മാറാന്‍ സാധ്യതയുണ്ടത്രേ.. പവി ഒടുവില്‍ ആരോപിച്ചതുപോലെ ഞാന്‍ സ്വാര്‍ത്ഥയാണ്. അങ്ങനെയെങ്കില്‍ അമ്മയാവാന്‍ കൊതിക്കുന്ന ഏതൊരു പെണ്ണും അങ്ങനെ തന്നെയാവും. എന്‍റെ മനസ് അതേപടി മനസിലാക്കാറുള്ള പവി എന്തേ ഇത്തവണമാത്രം ഇങ്ങനെ പെരുമാറുന്നത് എന്നതാണ് എന്‍റെ സമനില തെറ്റിച്ചത്. ശബ്ദമുയര്‍ത്തി എന്തൊക്കെയോ പറഞ്ഞതുകേട്ട്‌ വിഷമവും ക്ഷോഭവും കൊണ്ട് ആ മുഖം ചുവന്നുതുടുത്തത് ആദ്യമായി കാണുകയായിരുന്നു.

ഇഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കാനുള്ള പവിയുടെ കഴിവില്‍ പലപ്പോഴും അത്ഭുതമാണ് തോന്നാറ്. അതുകൊണ്ട് തന്നെ പവിയുടെ ഇഷ്ടങ്ങള്‍ എന്റെതാക്കാന്‍ ഒരു മടിയും തോന്നിയിട്ടുമില്ല ഇന്നേവരെ. എന്നിട്ടും ഇന്നലെ.. ഇന്നലെ മാത്രം ഒരുപാട് ദേഷ്യപ്പെട്ടു. എന്തൊക്കെയാണ് പറഞ്ഞതെന്നുപോലും ഓര്‍മ്മ വരുന്നില്ല.

രാവിലെ അടുത്തുവന്നപ്പോള്‍ ഉറക്കമില്ലായ്മ സമ്മാനിച്ച ചുവപ്പും വീക്കവും കണ്ണിലും മുഖത്തും കണ്ട് ഒരു നിമിഷത്തേക്ക് പിണക്കം മറന്ന് എന്തോ ചോദിക്കാനായി തിരിഞ്ഞതുമാണ്.

"രാവിലെ വരാമെന്നാണ് ഫാദര്‍ ജോണിനോട്‌ പറഞ്ഞത്.. സൈമണ്‍ സാറും ഇപ്പോഴെത്തും"

എന്തിനാണ് എല്ലാം പിന്നെയും ഓര്‍മ്മിപ്പിച്ചതെന്നു ചോദിക്കാന്‍ തോന്നി. അല്ലെങ്കിലും ഓര്‍ക്കാതിരുന്നിട്ടെന്താണ്?

സ്നേഹസദനത്തിന്റെ വലിയ കവാടം പിന്നിടുമ്പോള്‍ മനസ്സിനെ അടക്കിനിര്‍ത്താന്‍ പാടുപെട്ടു. ആ മുഖം ദൃഷ്ടിയില്‍ പെടാതിരിക്കണേ എന്നു അറിയാതെ പ്രാര്‍ത്ഥിച്ചുപോയി. അധ്യയനസമയം ആയതുകൊണ്ടാണെന്നു തോന്നുന്നു, കുട്ടികളാരും മുറ്റത്തില്ല. അതൊരു അനുഗ്രഹമായി.

നിറഞ്ഞ പുഞ്ചിരിയുമായി ഫാദര്‍ ജോണ്‍ ഞങ്ങള്‍ എതിരേറ്റു. അറിയാതെയെങ്കിലും ചെറിയൊരു പ്രതീക്ഷ നല്കിപ്പോയതിന്റെ കുറ്റബോധവുമായി പവി നില്‍ക്കുന്നത് കണ്ടപ്പോള്‍ വിഷമമായി. പക്ഷെ തീരുമാനം മാറ്റാനും മനസനുവദിക്കുന്നില്ല.

"സൈമണ്‍ എല്ലാം പറഞ്ഞു.. അഞ്ജുമോള്‍ ഒരിക്കലും ഞങ്ങള്‍ക്കൊരു ഭാരമാവില്ല. എങ്കിലും അറിയാമല്ലോ ഇവിടുത്തെ അവസ്ഥ. ഒരു ഓപറേഷന്‍ നടത്താനുള്ള കഴിവ് ഈ സ്ഥാപനത്തിനില്ലാത്തതുകൊണ്ടാണ് ആ കുഞ്ഞിങ്ങനെ നിന്നുപോയത്. സാരമില്ല... നിങ്ങളെ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.. "

പടികള്‍ ഒരുമിച്ചിറങ്ങുമ്പോള്‍ കഴിഞ്ഞ ദിവസം ആ കുഞ്ഞ് നിന്നിരുന്ന ഭാഗത്തേക്ക് വെറുതെ നോക്കി. വിജനമായ നീണ്ട ഇടനാഴി എന്തൊക്കെയോ അര്‍ത്ഥശൂന്യതകളെ ഓര്‍മ്മിപ്പിച്ചു. ആ മുഖം ഒരിക്കല്‍ക്കൂടി കാണാന്‍ കഴിഞ്ഞെങ്കില്‍... അല്ലെങ്കില്‍ വേണ്ട... എന്തിനാണ് വെറുതെ..

കാറിലേക്ക് കയറുമ്പോള്‍ തൊട്ടുമുന്‍പില്‍ പുഞ്ചിരിക്കുന്ന മുഖവുമായി അവള്‍.. അഞ്ജല.. അവളുടെ ഇരുതോളിലും പിടിച്ചുകൊണ്ടു തറയില്‍ ഇരുന്നു മുഖത്തേക്ക് ഉറ്റുനോക്കിയപ്പോള്‍ നിഷ്കളങ്കമായ പുഞ്ചിരി ഒട്ടും മായ്ക്കാതെതന്നെ അവള്‍ എനിക്കുനേരെ നീട്ടിയ ചിത്രം വല്ലാതെ അതിശയിപ്പിച്ചു. ചിത്രത്തിലേക്ക് ചൂണ്ടി അവള്‍ ചുണ്ടുകള്‍ അനക്കി എന്തോ പറയാനൊരുങ്ങുന്നതുകണ്ട് പവിയും സൈമണ്‍സാറും കാറില്‍നിന്നും ഇറങ്ങി. ചിത്രത്തിലെ സാരിയുടുത്ത സ്ത്രീയെ തൊട്ട് എന്‍റെനേരെ മുഖം ഉയര്‍ത്തിക്കൊണ്ടു അവള്‍ ചുണ്ടുകള്‍ ചലിപ്പിച്ചു.. "അബ്..ബ്ബ!" എന്തോ പറഞ്ഞൊപ്പിച്ച ആഹ്ലാദത്തില്‍ ഉറക്കെ ചിരിക്കുന്ന അവളെ മാറോടുചേര്‍ക്കുമ്പോള്‍ ഹൃദയം ഉറക്കെയുറക്കെ മിടിച്ചു. ഇത്രയുംനാള്‍ ഈ കുഞ്ഞുമാലാഖയെ ആര്‍ക്കും കൊടുക്കാതെ, ഞങ്ങള്‍ക്കായി മാത്രം സൂക്ഷിച്ചത് ആരാണ്? എങ്ങോ കളഞ്ഞുപോയ വാക്കുകള്‍ തേടി, ചുവന്ന മുഖം അമര്‍ത്തി തുടച്ചുകൊണ്ട് സൈമണ്‍സാറിനും ഫാദര്‍ ജോണിനും പിന്നാലെ പവി തിരിഞ്ഞുനടക്കുമ്പോള്‍, സ്വര്‍ഗത്തോളം ഉയരത്തില്‍ പറക്കുകയായിരുന്നു ഞാന്‍, സകലദൈവങ്ങളോടും നന്ദി പറയാനായി!

Friday, November 20, 2009

പാളങ്ങള്‍

പത്തരയ്ക്കുള്ള വണ്ടി സ്റ്റേഷന്‍ വിട്ടു കുറച്ചു ദൂരം പിന്നിട്ടപ്പോഴായിരുന്നു അവള്‍ ഓടി കിതച്ചു അവിടെ എത്തിയത്. നിരാശയും തളര്‍ച്ചയുമായി കിതപ്പോടെ സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്ത് ചെന്ന് ചോദിക്കുമ്പോള്‍ അവളുടെ ശബ്ദത്തിന് വിറയല്‍ ഉണ്ടായിരുന്നു.

"ഇനി എപ്പോഴാ അടുത്ത വണ്ടി?"

"എങ്ങോട്ടാ?"

"അത്... തെ..തെക്കോട്ട്‌.." അതെ... തെക്കോട്ട്‌ തന്നെ!

അവളുടെ പാറിപറന്ന മുടിയും മുഷിഞ്ഞ വസ്ത്രവും കൈയിലെ ബാഗുമെല്ലാം സംശയത്തോടെ നോക്കുന്ന അയാളെ വകവെക്കാതെ അവള്‍ പ്ലാറ്റ്ഫോമിന്റെ അങ്ങേ തലയ്ക്കലേക്ക് നടന്നു. സിമെന്റ് ഇട്ട തറ തീരുന്നയിടത്തെത്തിയപ്പോള്‍ ആരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തി പാളത്തിലേക്ക് ഇറങ്ങി.

കാലുകള്‍ നീട്ടിവെച്ചു പാളത്തിനു നടുവിലൂടെ നടക്കുമ്പോള്‍ അകന്നുപോയ തീവണ്ടിയുടെ ശബ്ദം പോലെ അവളുടെ ഹൃദയമിടുപ്പ് അവള്‍ക്കു തന്നെ കേള്‍ക്കാമെന്ന് തോന്നി.

തീരും ഇന്നത്തോടെ എല്ലാം... അവസാനിപ്പിക്കുകയാണ് എല്ലാം. നാളെ എന്‍റെ നഗ്നദേഹം മറ്റുള്ളവര്‍ കണ്ടു രസിക്കുന്നതിനു മുന്‍പേ അതിവിടെ ചിന്നി ചിതറി പോവട്ടെ.. ഇനി കരയാനെനിക്ക് മനസില്ല! എല്ലാം... എല്ലാം ഇന്നത്തോടെ അവസാനിക്കട്ടെ.. അച്ഛാ.. അമ്മേ... മാപ്പ്..

"ഹലോ.. മരിക്കാനിറങ്ങിയതാണോ?"

"ആരാ... അത്?"

ഇരുളില്‍ നിന്നും അരണ്ട വെളിച്ചം വീഴുന്നയിടത്തേക്ക് അയാള്‍ നീങ്ങിനിന്നു.

"ഞാനും ചാകാന്‍ വന്നത് തന്നെയാ.. ജസ്റ്റ്‌ മിസ്സ്ഡ്‌. തന്നെ കണ്ടപ്പോഴേ തോന്നി.. എന്താ പറ്റിയേ? അമ്മ വഴക്ക് പറഞ്ഞോ... അതോ കാമുകന്‍ വിട്ടേച്ചു പോയോ? ആ.. എന്തായാല്‍ എനിക്കെന്താ? ബാ.. കുറച്ചങ്ങോട്ട് നടക്കാം.. ഇവിടെ ചെലപ്പോള്‍ പോലീസുകാര്‍ വരും."

അയാളുടെ പിന്നാലെ അനുസരണയോടെ നടക്കുമ്പോള്‍ അവള്‍ക്കു അയാള്‍ എന്തിനാണ് മരിക്കുന്നതെന്നു ചോദിക്കണമെന്ന് തോന്നി.

"എനിക്കായി ഭൂമിയില്‍ കുറെ കടങ്ങള്‍ മാത്രമേയുള്ളൂ.. പണിയെടുത്തു വീടാന്‍ ശ്രമിച്ചു.. ഇനി വയ്യാന്നു തോന്നി... അല്ലേലും ആര്‍ക്കു വേണ്ടിയാ? "

അവളുടെ മനസ് വായിച്ചിട്ടെന്നപോലെ അയാള്‍ പിറുപിറുത്തു. ഇരുട്ടില്‍ പൊന്തക്കാട്ടില്‍ നിന്നും ഉയര്‍ന്ന ഏതോ ജീവികളുടെ ശബ്ദങ്ങള്‍ അവളുടെ അസ്വസ്ഥത കൂട്ടി. എന്തോ കാലില്‍ തടഞ്ഞു വീഴാന്‍ തുടങ്ങിയ അവളെ അയാള്‍ പെട്ടെന്ന് പിടിച്ച് നേരെ നിര്‍ത്തി. രാവെളിച്ചത്തില്‍ നിലത്തു കിടക്കുന്നത് ആരുടെയോ അറ്റുപോയ കൈ ആണെന്ന അറിവ് ഉണര്‍ത്തിയ ഭയം മൂലം തൊണ്ടയില്‍ നിന്ന് അറിയാതെ ഉയര്‍ന്ന നിലവിളി പുറത്തു വരാതിരിക്കാനായി അവള്‍ വായ്‌ പൊത്തിപ്പിടിച്ചു. അപ്രതീക്ഷിതമായ കാഴ്ച അയാളെയും നടുക്കിയിരുന്നു. കുറച്ചകലെ അങ്ങിങ്ങായി ചിതറിയ മറ്റു ശരീരഭാഗങ്ങള്‍ കൂടി കണ്ടപ്പോള്‍ അവള്‍ക്കു തലകറങ്ങുന്നതുപോലെ തോന്നി. തന്‍റെ കൈയിലേക്ക്‌ വീണ അവളെ താങ്ങിക്കൊണ്ടു അയാള്‍ പാളത്തിനു പുറത്തായി പുല്ലില്‍ കിതപ്പോടെയിരുന്നു.

പതിനൊന്നുമണിയുടെ വണ്ടി വലിയ അലര്‍ച്ചയോടെ അവരെ കടന്നുപോയത് അപ്പോഴായിരുന്നു.

Tuesday, November 10, 2009

ഞാന്‍

ഞാന്‍ -
ആള്‍ക്കൂട്ടത്തിലൊരുഞൊടി
ഏകാന്തതയും
ശബ്ദഘോഷങ്ങളിലൊരുവേള
ബധിരതയും
പൊട്ടിച്ചിരിയിലോരല്പം
തേങ്ങലും
കണ്ണീര്‍മുത്തില്‍ മിന്നിമായും
നറുപുഞ്ചിരിയും,
ഒപ്പം,
നിന്‍ ഹൃദയത്തടവറയിലൊരു
ജീവപര്യന്തവും
കൊതിച്ചവള്‍

Thursday, October 29, 2009

ഒരു പൈങ്കിളികഥ

"ഏയ്‌.."

"ഉം.. ?"

"എന്ത് പറ്റീ കാലില്‍? "

"അതിന്നലെ പിള്ളേരുടെ കൂടെ പന്തുകളിച്ചപ്പോള്‍ കല്ല്‌ തട്ടിയതാ"

"ഒത്തിരി മുറിഞ്ഞോ?"

"ഓ.. ഇല്ലെന്നേ.. "

"ഇപ്പോഴായെപിന്നെ എന്നോട് പഴയ ഇഷ്ടോന്നൂല്ല.. എന്നെ കാണുമ്പോ മുഖം തിരിക്കുന്നതുമൊക്കെ ഞാന്‍ അറിയുന്നുണ്ട് "

ഓ.. തുടങ്ങി അവള്‍ പരിഭവം! മമ്മി എങ്ങാനും കണ്ടാല്‍... ചുറ്റും നോക്കി ഉറപ്പുവരുത്തിയതിനുശേഷം അവന്‍ മതിലിന്‍റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിനിന്നു.

"നിനക്കറിയാലോ.. എന്‍റെ മമ്മിക്കു നിന്നേം നിന്‍റെ അമ്മേം കാണുന്നതുതന്നെ ദേഷ്യമാ.. അപ്പോള്‍ പിന്നെ നമ്മുടെ ബന്ധമെങ്ങാനും അറിഞ്ഞാലുള്ള കാര്യമോന്നോര്‍ത്തു നോക്കിക്കേ.."

"അത് ശരി, അപ്പോള്‍ എന്നോട് കാണിച്ച സ്നേഹമൊക്കെയോ? അന്ന് വീട്ടിലാരുമില്ലാതിരുന്ന ദിവസം എന്നോട് ചേര്‍ന്നിരുന്ന് എന്നെ തലോടിക്കൊണ്ട് പറഞ്ഞതൊക്കെ മറന്നോ? നിന്റെയീ വെള്ളാരംകണ്ണും നടത്തോം ഒന്നും എത്രകണ്ടാലും മതിവരില്ലാന്നും മറ്റും.. വേണ്ട... എല്ലാം എത്ര പെട്ടെന്ന് മറന്നു? "

അവള്‍ കരച്ചിലിന്‍റെ വക്കിലെത്തി.

"എന്‍റെ പെണ്ണെ.. അതൊക്കെ ശരിതന്നെയാ... നീ ഒന്നോര്‍ത്തുനോക്ക്, നമ്മുടെ ബന്ധം ശരിയാവുമോ? ഇവിടുത്തെ മമ്മി എന്നെ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാവുന്നതല്ലേ? പപ്പയെക്കാളും സ്വന്തം മക്കളെക്കാളും സ്നേഹമാ എന്നോട്. "

"എന്നാലും..."

"നീ അപ്പുറത്തെങ്ങാനും പോ പെണ്ണെ.. മമ്മി വരാന്‍ നേരമായി. ഇന്ന് ഞങ്ങള്‍ സൂസിയാന്റീടെ വീട്ടില്‍ പോവ്വാ.."

"ഓ.. അപ്പൊ അതാണ്‌ കാര്യം! ഞാനറിഞ്ഞു എല്ലാം"

"എന്തറിഞ്ഞു എന്നാ? നീ ചുമ്മാ... "

"വേണ്ട വേണ്ട ആ കണ്ണിലെ തിളക്കം കണ്ടാല്‍ എനിക്കറിയാം. ഇവിടുത്തെ കൊച്ചുങ്ങള്‍ ഞങ്ങടമ്മച്ചിയോടു പറയുന്നത്കേട്ടു, സൂസിയാന്റീടെ വീട്ടില്‍ വന്നവളെ കുറിച്ചൊക്കെ. വെളുത്ത് ഒത്തിരി മുടിയൊക്കെയുള്ള സുന്ദരിയാന്നും ടോണിക്ക് നല്ല ചേര്‍ച്ചയാന്നുമൊക്കെ!"

"അവരങ്ങനെ പറഞ്ഞോ?"

"കണ്ടോ.. ആ മുഖത്തെ സന്തോഷം! എനിക്കെല്ലാം മനസിലായി! "

"നീ കുറച്ചുകൂടി പ്രാക്ടിക്കല്‍ ആയി ചിന്തിക്കണം. ഇനി ഞാന്‍ ഒള്ളത് പറയാല്ലോ.. എന്‍റെ മമ്മിയും സൂസിയാന്റീം കൂടെ ഞങ്ങള്‍ക്കുണ്ടാവുന്ന കുഞ്ഞുങ്ങളെ കുറിച്ചുവരെ ചര്‍ച്ച ചെയ്തു കഴിഞ്ഞു. ആരോരുമില്ലാതിരുന്ന എന്നെ ഇവിടെ കൊണ്ടുവന്നു വളര്‍ത്തിയതല്ലേ എന്‍റെ മമ്മി? അവരോടു എനിക്ക് നന്ദികേട്‌ കാണിക്കാന്‍ വയ്യ. "

"ഉം... ശരിയാ... പ്രേമത്തിന് കണ്ണില്ലെന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. ടോണിചേട്ടന്റെ നോട്ടവും കുസൃതിയുമൊക്കെ കണ്ടു ഞാന്‍ എന്‍റെ നില മറന്നതാണ്. അല്ലേലും ചേട്ടനെ ആശിക്കാന്‍ ഞാനാരാ?"

"നീ കരയല്ലേ മീനൂ.. നിന്നെ എനിക്കിഷ്ടമാണ്. നിന്‍റെ വര്‍ഗത്തില്‍പെട്ട മറ്റാരോടും തോന്നാത്തത്ര ഇഷ്ടം! പക്ഷെ... നീ എന്‍റെ അവസ്ഥയും കൂടി മനസിലാക്കണം"

"ഉം.. അടുത്ത ജന്മത്തിലെങ്കിലും നിങ്ങളില്‍ ഒരാളായി പിറക്കാന്‍ പ്രാര്‍ത്ഥിക്കാം"

"അയ്യോ മമ്മി വരുന്നുണ്ട്..! നിന്നെ എങ്ങാനും ഇവിടെ കണ്ടാല്‍ കാലു തല്ലിയൊടിക്കും എന്നാ പറഞ്ഞിരിക്കുന്നെ.. മമ്മിക്കു ദേഷ്യം വന്നാല്‍ കയ്യില്‍ കിട്ടുന്നത് വെച്ചു ഏറിയും. നീ പൊയ്ക്കോ മീനൂ... ഉം... ഞാനല്ലേ പറയുന്നേ.."


"ഹോ! ഈ കള്ളിപ്പൂച്ച പിന്നേം വന്നോ? ഇതിനെ ഞാനിന്ന്.."

"മ്യാവൂ....."

"കമോണ്‍ ടോണീ.. "

"ബൌ..ബൌ"

"ഗെറ്റ് ഇന്‍സൈഡ്"

മതിലിനു പിന്നില്‍ ചെടികള്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്ന അവള്‍ക്കു നേരെ പാളിനോക്കിയിട്ട് അവന്‍ അനുസരണയോടെ കാറില്‍ കയറി.

" ഇച്ചായാ.. ഞാന്‍ സൂസീടെ കൂടെ ക്ലബ്ബിലും പോയിട്ടേ വരൂ കേട്ടോ.. ഫ്രിഡ്ജില്‍ ഇരിക്കുന്ന മിനിഞ്ഞാന്നത്തെ മീന്‍ കറി ഒന്ന് ചൂടാക്കി കഴിക്കണേ.. ചിക്കന്‍ ഫ്രൈ പിള്ളാര്‍ക്കും എടുത്തു കൊടുത്തേക്കണേ.. മറക്കല്ലേ... ബൈ..."

Monday, October 19, 2009

മകന്‍റെ അച്ഛന്‍, മകളുടെയും..

തീവണ്ടിയില്‍ ജനലോരത്തുള്ള സീറ്റില്‍ കണ്ണടച്ചിരിക്കുമ്പോള്‍ അയാളുടെ മനസ് പ്രക്ഷുബ്ധമായിരുന്നു. കണ്മുന്നിലൂടെ തരുണിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കടന്നുപോയി. ലേബര്‍റൂമില്‍ നിന്നും തന്‍റെ കൈയിലേക്ക്‌ വെക്കപ്പെട്ട തന്‍റെ തന്നെ ജീവന്റെ ഭാഗമായ കുരുന്നിനെ കണ്ടപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. പിന്നീടുള്ള ഓരോ നാളും അവനുവേണ്ടി സമര്‍പ്പിക്കപ്പെട്ടതുപോലെയായി. ജീവിതരീതിയില്‍തന്നെ മാറ്റമുണ്ടായി. ഒരു അച്ഛന്‍റെ ഗൌരവത്തോടെ ഒരിക്കലും അവനെ സമീപിച്ചിട്ടില്ല. എന്തും പറയാനുള്ള സ്വാതന്ത്യം ഉണ്ടായിരുന്നില്ലേ? അങ്ങനെയായിരുന്നു അയാളുടെ അച്ഛന്‍ അയാളെ വളര്‍ത്തിയിരുന്നത്. എന്നിട്ടും എവിടെയാണ് പിഴച്ചത്?


ദൂരെയുള്ള കോളേജില്‍ പ്രവേശനം ശരിയായപ്പോള്‍ മുതല്‍ രേവതിക്ക് ആധിയായിരുന്നു. അപ്പോഴൊക്കെ ഉള്ളിലെ പരിഭ്രമവും അവനെ പിരിഞ്ഞിരിക്കുന്നതിന്റെ വിഷമവും പുറത്തുകാട്ടാതെ അവളെ സമാധാനിപ്പിച്ചു. നമ്മളായിട്ട് അവന്‍റെ ആഗ്രഹങ്ങള്‍ക്ക് തടസ്സം നില്‍ക്കരുത്. എന്നും നമ്മുടെ അവസ്ഥ കണ്ടു പ്രവര്‍ത്തിച്ചിട്ടല്ലെയുള്ളൂ നമ്മുടെ മോന്‍. ഒന്നിനും ശാഠ്യം പിടിച്ചിട്ടുമില്ല. അവനു താല്പര്യമുള്ള കോഴ്സ് അവിടെയുണ്ട്. ഫീസിന്റെ കാര്യത്തിലും ഇളവുണ്ട്. പിന്നെ കുറച്ചു ദൂരെ ആണെന്നത് മാത്രമാണ് പ്രശ്നം. എങ്കിലും ഇവിടുന്നുള്ള മറ്റു കൂട്ടുകാരുമുണ്ട്‌. പോരാത്തതിന് അനുജന്‍ സേതുവും അവിടെ അടുത്താണ്. പിന്നെ ഒന്നും ആലോചിച്ചില്ല.

ആദ്യത്തെ തവണ അവധിക്കു വന്നപ്പോള്‍ കണ്ണും മുഖവും ചുവന്നിരുന്നത് കണ്ടു അമ്മ കേള്‍ക്കാതെ അടുത്തിരുത്തി ചോദിച്ചപ്പോള്‍ ജലദോഷത്തിന്റെ ചുവപ്പല്ല, ഏതോ ചേട്ടന്മാരുടെ കലാപരിപാടിയുടെ ഭാഗമാണെന്നു അവന്‍ പറഞ്ഞു. അമര്‍ഷവും വ്യസനവും കൊണ്ട് കണ്ണുനിറഞ്ഞുവന്നപ്പോള്‍ അതൊന്നും സാരമില്ലെന്ന് അവന്‍ വളരെ ലാഘവത്തോടെ ചിരിച്ചുതള്ളി. സേതുവിനും അതൊക്കെ സാധാരണമായ കാര്യങ്ങളായിരുന്നു.

"എന്‍റെ ഏട്ടാ.. ഇതൊന്നും അത്ര കാര്യാക്കണ്ടെന്നേ... കുറച്ചൊക്കെ റാഗിങ്ങ് ഉള്ളത് നല്ലതാണെന്നാ പിള്ളേര് തന്നെ പറയുന്നേ.. കോളേജ് മാനേജ്മെന്റ് അത് ഗുരുതരമാവാതെ നോക്കിക്കൊള്ളും.. ഇവരുടെ സാര്‍ നമ്മുടെ കോളനിയിലാ താമസം.. അങ്ങനെ പ്രശ്നമൊന്നും ഇല്ലാത്ത കോളേജ് തന്നെയാ.."

അവധിക്കു വീട്ടിലെത്തുന്ന ദിവസങ്ങളില്‍ ഊണുമേശക്കു ചുറ്റുമിരുന്നു വിശേഷങ്ങള്‍ പറഞ്ഞിരുന്ന ശീലം എന്നാണ് നിന്നത്? ആവശ്യങ്ങള്‍ പറയാന്‍ മാത്രം അവന്‍ മുന്നിലെത്താന്‍ തുടങ്ങിയത് താനും ശ്രദ്ധിച്ചിരുന്നു. എങ്കിലും അതൊരു സങ്കടമായി രേവതി പറഞ്ഞപ്പോള്‍ മാതൃസഹജമായ വേവലാതിയായി വ്യാഖ്യാനിച്ചു ആശ്വസിപ്പിക്കാനാണ് തോന്നിയത്.

"അവന്‍ മുതിര്‍ന്നില്ലേ രേവൂ.. ഇപ്പോഴും നിന്‍റെ മടിയില്‍ കിടന്നു കഥ പറയണം എന്ന് ശഠിക്കാന്‍ പറ്റുമോ? "

"അതിപ്പോ അവന്‍ പെണ്ണുകെട്ടി കുഞ്ഞിന്‍റെ അച്ഛനായാലും എനിക്ക് കുഞ്ഞു തന്നെയല്ലേ സത്യേട്ടാ?" എല്ലാ അമ്മമാരുടെയും സ്ഥിരം വാചകം.

"ഏട്ടന് ചായ പറയട്ടെ?" മറുപടി പ്രതീക്ഷിക്കാതെ ഒരു ചായക്കുകൂടി പറഞ്ഞ്, കൈയിലിരുന്ന ഗ്ലാസ്‌ തീവണ്ടിയുടെ കുലുക്കത്തില്‍ തുളുമ്പിപോവാതെ ശ്രദ്ധയോടെ സേതു അയാള്‍ക്ക് നേരെ നീട്ടിക്കൊണ്ട് ചിന്തകള്‍ക്ക് അര്‍ദ്ധവിരാമമിട്ടു.

"'തന്നോളമായാല്‍ താനെന്നു വിളിക്കണം' എന്നല്ലേ നമ്മുടെ അച്ഛന്‍ പറയാറ്‌? "

അയാളുടെ മുഖത്തേയ്ക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടു സേതു അരികിലിരുന്നു.

"നീയോര്‍ക്കുന്നോ സേതു, നിനക്ക് ശാരദയോട് സ്നേഹമാണെന്ന് അച്ഛനറിഞ്ഞ രാത്രി? അവളുടെ കണ്ണീരിനു ഒരിക്കലും നീ ഉത്തരവാദി ആവരുതെന്നുമാത്രം പറഞ്ഞു നിന്‍റെ മുറിക്കു പുറത്തിറങ്ങിയ അച്ഛന്‍റെ കണ്ണ് നിറഞ്ഞിരുന്നത് എന്തിനായിരിക്കുമെന്നോര്‍ത്തു ഉറങ്ങാനായില്ല അന്നെനിക്ക് "

"എന്‍റെ ഏട്ടാ... എനിക്കപ്പോഴേ തോന്നി, അതുമിതും ആലോചിച്ചുകൂട്ടി വെറുതെ വിഷമിക്കുകയാണെന്ന്."

"എന്നാലും അവന്‍..."

ഓര്‍ക്കാനാവുന്നില്ല.. അവനങ്ങനെ അപമര്യാദയായി ഒരു പെണ്‍കുട്ടിയോട്... മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണെങ്കില്‍ പോലും... അവന്‍റെ അമ്മയെയോ അനുജത്തിയെയോ ഒരിക്കല്‍പോലും ഓര്‍ക്കാതെ... മനസ് ശാന്തമാവുന്നതെയില്ലല്ലോ..

"അതിനു കൂടെയുള്ളവര്‍ നിര്‍ബന്ധിച്ചു ചെയ്യിച്ചതല്ലേ ഏട്ടാ.. അവന്‍റെ അവസ്ഥയും കൂടി നമ്മള്‍ ഓര്‍ക്കണ്ടേ? "

അതവന്‍റെ ന്യായീകരണം! എന്നുവെച്ച്... ഒരു പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ... ആ കുട്ടിയുടെ ദേഹത്ത്... ഹോ.. അവന്‍... അവനത്‌.. ചെയ്യരുതായിരുന്നു.. പഠനത്തിന്‍റെ ആദ്യനാളുകളില്‍ താനനുഭവിച്ചത് പിറകെ വരുന്നവരും അനുഭവിക്കട്ടെ എന്ന തോന്നലുണ്ടായോ അവന്‌? അവന്‍റെ അനുജത്തിയ്ക്കാണ് ഈ ഗതി വന്നിരുന്നതെങ്കില്‍...?

കണ്മുന്നില്‍ ഇപ്പോഴും ആ പെണ്‍കുട്ടിയുടെ മുഖമാണ്. പ്രിന്‍സിപ്പാളിന്റെ മുറിക്കു പുറത്തെ കസേരയില്‍ അകത്തു തന്‍റെ മാനത്തിന് വിലയിടുകയാണെന്നറിയാതെ വിളറിയ മുഖം ഒരിക്കലും ഉയര്‍ത്താതെ നിലത്തെന്തോ തിരയുന്നതുപോലെയിരുന്ന ആ പെണ്‍കുട്ടിയുടെ കാലില്‍ വീണു മകനുവേണ്ടി മാപ്പ് പറയാന്‍ തോന്നി. കോളേജിന്റെ മാനം കാക്കേണ്ടത്‌ അധികൃതരുടെയും മക്കളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് കുറ്റക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെയും അത്യാവശ്യമായപ്പോള്‍ അവളുടെ മാനത്തിനു കുറച്ചു പൈസക്കെട്ടിന്റെ വില മാത്രമായി. കേസും കോടതിയും ഇല്ലാതാക്കിയേക്കാവുന്ന മകളുടെ ജീവിതമോര്‍ത്താവും ആ പാവം അച്ഛനും നിശബ്ദനായത്. സഭയുടെതന്നെ മറ്റൊരു കോളേജിലേക്കുള്ള -- നശിച്ച ഓര്‍മ്മകള്‍ നിറഞ്ഞ ഈ ചുറ്റുപാടില്‍ നിന്നൊരു-- മാറ്റം ഒരുപക്ഷെ അനുഗ്രഹമാവാം. എങ്കിലും... അവള്‍ അനുഭവിച്ച മനോവ്യഥകള്‍ക്ക്.... അപമാനത്തിന്... ആര്‍ക്കെങ്കിലും വില പറയാനാവുമോ?

ഇടയ്ക്കെപ്പോഴോ അവള്‍ ഉയര്‍ത്തിയ മുഖം എന്‍റെ രേഷ്മയുടെതായിരുന്നോ? അവളുടെ അരികില്‍ വ്യഥയോടെ അക്ഷമനായിരുന്ന പിതാവ് താന്‍ തന്നെയല്ലേ? ഈശ്വരാ.. വര്‍ധിച്ച ഹൃദയമിടുപ്പോടെ ചുവരില്‍ചാരി. സേതു വന്നു താങ്ങിയില്ലായിരുന്നെങ്കില്‍ വീണു പോയേനെ.. സേതുവിനോടൊപ്പം പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക് കയറുമ്പോള്‍ അവിടെ കേട്ട തര്‍ക്കങ്ങളും വാദഗതികളും അസ്വസ്ഥത കൂട്ടാനേ ഉപകരിച്ചുള്ളൂ..

"പിള്ളാര്‍ തമാശ കാണിക്കുമ്പോഴേക്കും ഇത്രേം വല്ല്യ പ്രശ്നമാക്കണ്ട കാര്യം വല്ലതുമുണ്ടോ? അവരാ കൊച്ചിനെ റേപ് ഒന്നും ചെയ്തില്ലല്ലോ.. എങ്ങാണ്ട് കേറി ഒന്ന് പിടിച്ചതിനാ.. എന്നാ ചെയ്യാനാ... ചെറുക്കന്റെ തന്തയായി പ്പോയില്ലേ.. എന്നതാന്നു വെച്ചാല്‍ കൊടുത്ത് ഒതുക്കിയേക്കച്ചോ..."

പ്ലാന്റര്‍ കുര്യച്ചന്റെ ലാഘവം എന്തോ തനിക്കു കടമെടുക്കാനാവുന്നില്ല... പക്ഷെ തരുണിന്റെ ഭാവി... പിന്നെയും കുറെ കാരണങ്ങള്‍.. ആദ്യമായി അനീതിക്ക് കൂട്ടുനിന്നുവെന്ന തോന്നല്‍.. കൂടെയിരുന്ന എല്ലാവരും വളരെ എളുപ്പം പറഞ്ഞുതീര്‍ക്കുന്നത് അസഹ്യമായപ്പോഴായിരുന്നു മുറിക്കു പുറത്തുവന്നിരുന്നത്. അവിടെ കണ്ട മുഖങ്ങള്‍ നെഞ്ചിലെ ഭാരം ഇരട്ടിയാക്കി.

ഒടുവില്‍ പേരിനൊരു ശിക്ഷാനടപടി എന്ന നിലയില്‍ തരുണിനെയും കൂട്ടുകാരെയും സസ്പെന്‍ഡ് ചെയ്തപ്പോള്‍ അവനെയും കൊണ്ട് വീട്ടിലേക്കു പോവുമ്പോള്‍ സേതുവും കൂടെ പോന്നത് നന്നായി. ഒന്നുമറിയാതെ അക്ഷമയോടെ കാത്തിരിക്കുന്ന രേവതിയോടും രേഷ്മമോളോടും ഒന്നും പറയാനാവില്ല തനിക്ക്.. സേതു തന്നെയാണ് അതിനു പറ്റിയ ആള്‍.. അല്ലെങ്കിലും അവരൊക്കെ കളിയാക്കുന്നതുപോലെ താനീ നൂറ്റാണ്ടിനു പറ്റിയ ആളല്ല..

സ്റ്റേഷനില്‍ നിന്നും വീട്ടിലേക്ക്‌ പോവുമ്പോഴും ചിന്തകളാല്‍ ഭരിക്കപ്പെട്ടു സംസാരിക്കാന്‍ തന്നെ മറന്നുപോയിരുന്നു. രേവതിയുടെ ചോദ്യങ്ങള്‍ക്കും മറുപടിയൊന്നും ഉണ്ടായില്ല. വസ്ത്രം പോലും മാറാതെ തെക്കേ തൊടിയിലേക്ക്‌ നടക്കുന്നയാളെ കണ്ടു വീട്ടിലുള്ളവര്‍ അത്ഭുതപ്പെട്ടിരിക്കും... അച്ഛന്‍റെ കുഴിമാടത്തിനരികെ തറയില്‍ ഇരിക്കുമ്പോള്‍ കണ്ണുനീര്‍ കൊണ്ട് പാപം കഴുകി കുംബസാരിക്കുന്നവന്റെ മനസായിരുന്നു.

അച്ഛാ.. മാപ്പ്.. അച്ഛനെപോലെയാവാന്‍ കഴിയാത്തതിന്...

"ഏട്ടാ.. എന്തായിത്? ഉള്ളിലേക്ക് വരുന്നില്ലേ.. എല്ലാവരും വല്ലാതെ വിഷമിച്ചിരിക്കുകയാണ്.. ഏട്ടന്‍ ഇങ്ങനെയായാലോ.. ഇതുവരെ മോനോട് ഒരുവാക്ക് സംസാരിച്ചില്ലല്ലോ.. അവനു നല്ല വിഷമമുണ്ട്.. മോളും കരയുന്നതുകണ്ടോ? "

ആരാണെന്നെ വിളിച്ചത്? നേര്‍ത്ത തിരശ്ശീലയ്ക്കപ്പുറത്തുനിന്നും ആരൊക്കെയോ എന്തൊക്കെയോ പറയുന്നു... ഒന്നും വ്യക്തമാവുന്നില്ല.. എവിടെ എന്‍റെ രേഷ്മമോള്‍?  അയ്യോ... മോളിവിടെ നില്‍ക്കുകയാണോ?  വേണ്ട വേണ്ട... ബാ.. ഉള്ളില്‍ പോവാം.. മുറിയില്‍ കയറി വാതിലടക്ക്...! പുറത്തിറങ്ങല്ലേ... രേവൂ...നീയും വാ... വേഗം!

Tuesday, October 6, 2009

അപ്രത്തമ്മ

അപ്രത്തമ്മയുടെ യഥാര്‍ത്ഥപേര് യശോദയമ്മ എന്നായിരുന്നു എന്ന് ഞാന്‍ അറിഞ്ഞത് വര്‍ഷങ്ങളേറെ കഴിഞ്ഞാണ്. ഈയുള്ളവള്‍ ജനിക്കുന്നതിനൊക്കെ വളരെമുന്‍പ് അച്ഛനും അമ്മയും എന്‍റെ മൂത്തചേച്ചിയും മാത്രമുണ്ടായിരുന്ന കാലത്ത് അവര്‍ താമസിച്ചിരുന്ന വാടകവീടിനു എതിരെയുള്ള വീട്ടിലെ ഗൃഹനാഥയായിരുന്നു യശോദയമ്മ. അച്ഛനുമമ്മയും ജോലിക്ക് പോകുമ്പോള്‍ കൈക്കുഞ്ഞായിരുന്ന ചേച്ചിയെ അവരുടെ അടുത്തായിരുന്നുവത്രേ നിര്‍ത്തിയിരുന്നത്. അങ്ങനെയാണ് അവര്‍ "അപ്രത്തമ്മ" ആയത്‌. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഞങ്ങളുടെ കുടുംബം അവിടുന്ന് കുറച്ചകലെയായി ഒരു വീട് വാങ്ങി താമസം മാറി. അവിടെയായിരുന്നു ഞാനും മറ്റു സഹോദരങ്ങളും ജനിച്ചത്‌.

താമസം മാറിയെങ്കിലും ചേച്ചി സമയം കിട്ടുമ്പോഴൊക്കെ അപ്രത്തമ്മയെ പോയി കണ്ടിരുന്നു. മിക്കവാറും കൂടെപോവുന്നത് ഞാനായിരിക്കും. എന്‍റെ ഓര്‍മ്മയില്‍ അപ്രത്തമ്മ എന്നും ഉമ്മറത്തെ ചാരുകസേരയില്‍ പതിഞ്ഞിരുന്നിരുന്ന വെളുത്തു തടിച്ച ഒരു സുന്ദരരൂപമാണ്. കരിമഷി കൊണ്ട് കറുപ്പിച്ച സുന്ദരമായ കണ്ണുകളും പ്രായം കൊണ്ട് കുറേശ്ശെ തൂങ്ങി തുടങ്ങിയതെങ്കിലും ഉരുണ്ടുതുടുത്ത കവിളുകളും കാരുണ്യവും വാത്സല്യവും തുളുമ്പുന്ന നോട്ടവും ചിരിയുമൊക്കെയുള്ള ആ വട്ടമുഖത്ത് നിന്നും കണ്ണെടുക്കാന്‍ തോന്നിയിരുന്നില്ല.

"ഓ.. ഇന്‍റെ കുട്ടീംണ്ടോ? എത്രെലെക്കാ നീയിപ്പോ? നന്നായി പഠിക്കണംട്ടോ.. "

പിന്നെ സല്‍ക്കാരമാണ്. ശര്‍ക്കര ഇട്ടുണ്ടാക്കുന്ന 'വെല്ലക്കാപ്പി' അപ്രത്തമ്മേടെ പ്രത്യേകതയായിരുന്നു. എന്തെങ്കിലുമൊക്കെ പലഹാരങ്ങളുമായി അടുക്കളയില്‍നിന്നും പതിയെ പതിയെ നീണ്ട ഇടനാഴിയിലൂടെ നടന്നുവന്ന് എന്നെ അരികിലേക്ക് പിടിച്ചടുപ്പിച്ച്‌ കൈയില്‍ പലഹാരം വെച്ചുതരും. ചേച്ചിയോട് അപ്രത്തമ്മയ്ക്കുള്ള വാത്സല്യം അളവില്ലാത്തതായിരുന്നു.

"നെനക്കറിയ്യോ.. ഇദെന്ടെ കുട്ട്യാ... ഞാനാ ഇവളെ വളര്‍ത്യേത്.. എപ്പളും ഇന്‍റെ കൂടേന്നെ ഇരിക്കുള്ളൂ... അപ്പൊ നീയൊന്നും ജെനിച്ചിട്ടുംകൂടി ഇല്ല്യാ... "

പലതവണ കേട്ടതെങ്കിലും പഴയകഥകള്‍ അപ്രത്തമ്മയുടെ ശബ്ദത്തില്‍ ആ മുഖത്ത്‌ നോക്കിയിരുന്നു കേള്‍ക്കാന്‍ ഞാനിഷ്ടപ്പെട്ടു. ഭൂതകാലസ്മരണകള്‍ തിങ്ങി ആ ശബ്ദം നേര്‍ത്ത് ഇല്ലാതാവുമ്പോഴേക്കും അപ്രത്തമ്മേടെ കണ്ണുകളോട് സഖ്യം പ്രഖ്യാപിച്ചുകൊണ്ട് ചേച്ചിയുടെ കണ്ണുകളും നനഞ്ഞിരിക്കും.

"ശ്ശൊ.. ന്റെ കുട്ടിക്ക് ഒരു വെല്ലപ്പൊട്ടെങ്കിലും കൊടുക്കട്ടെ.."
പലഹാരം ഒന്നുമില്ലാത്ത ദിവസങ്ങളില്‍ അപ്രത്തമ്മ വായില്‍ വെച്ചുതരുന്ന ശര്‍ക്കരകഷ്ണത്തിന് പ്രതിഫലം ആഗ്രഹിക്കാത്ത വാത്സല്യത്തിന്റെ മധുരമായിരുന്നു.

പിന്നീട് കാണുമ്പോള്‍ അപ്രത്തമ്മ അവശയായിരുന്നു. കാലം സമ്മാനിച്ച ചുളിവുകളും ക്ഷീണവും നിറഞ്ഞ മുഖത്തേക്കു നോക്കി ആ കൈയില്‍ പതുക്കെ പിടിച്ചുകൊണ്ടു ചോദിച്ചു, "അപ്രത്തമ്മക്ക് എന്നെ മനസിലായോ?"

മുഖത്ത് നിറഞ്ഞ ചിരി! "ന്തേ അങ്ങനെ ചോദിച്ചേ? ന്നെ അപ്രത്തമ്മേന്നു വിളിക്കാന്‍ നിങ്ങളല്ലാതെ വേരെയാരാ ള്ളത്? "

കിടക്കയില്‍നിന്നും പതിയെ എഴുനേറ്റുചെന്ന് അടുക്കളയില്‍നിന്നും വെല്ലകഷണം എടുത്തുതന്നിരുന്നെങ്കില്‍ എന്നു വെറുതെ ആശിച്ചുനില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലതും കൊടുക്കാന്‍ മകളോട് ആവശ്യപ്പെടുന്നത് കേട്ടു.

പിന്നീടെന്നോ എന്നെത്തേടിയെത്തിയ നാട്ടുവിശേഷങ്ങളില്‍ അപ്രത്തമ്മയുടെ വിയോഗവും ഉണ്ടായിരുന്നെങ്കിലും ആ പഴയ വീടിന്റെ ഉമ്മറത്തെ ചാരുകസേരയില്‍ നിറസാന്നിദ്ധ്യമായി ആ വാത്സല്യത്തിന്റെ വെല്ലപ്പൊട്ട് ഇന്നും ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

Monday, August 31, 2009

ഓണാശംസകളോടെ...

കഴിഞ്ഞ ദിവസം 'വനിത'യില്‍ പ്രശസ്തനടന്‍ അനൂപ്‌ മേനോന്‍ എഴുതിയ അനുഭവം എന്ന പംക്തി വായിക്കാനിടയായി. അകാലത്തില്‍ പൊലിഞ്ഞുപോയ കാന്‍സര്‍രോഗിയായ സുഹൃത്തിനെ കുറിച്ചായിരുന്നു അത്. അതിന്‍റെ അവസാന പാരഗ്രാഫ് ഞാന്‍ പലതവണ വായിച്ചു.


"അവളെനിക്ക് പറഞ്ഞു തന്നു - ജീവിതത്തില്‍ ഒരു മത്സരത്തിനോ ഓട്ടപ്പാച്ചിലിനോ അര്‍ത്ഥമില്ല.. യഥാര്‍ത്ഥത്തില്‍ എന്താണ് ജീവിതം? ദൂരം നിശ്ചയമില്ലാത്ത ഒരു നടത്തം. മ്യൂസിയം റൌണ്ടില്‍ വലം വെക്കും പോലെ, കലണ്ടറിലെ ആ അവസാന ദിവസത്തേക്ക്, ആ നടത്തം ഏറ്റവും ഭംഗിയാക്കുക. നടക്കുമ്പോള്‍ നമ്മോടൊപ്പം ഉള്ളവരോട് ഏറ്റവും നല്ലവരാവാന്‍ ശ്രമിക്കുക. അവരെ സ്നേഹിക്കുക.. ചുറ്റുമുള്ള മരങ്ങളെയും മരച്ചില്ലകളെയും ചില്ലകള്‍ക്കപ്പുറത്തെ ആകാശക്കീറിനെയും കണ്ടുകൊണ്ട്‌... മെല്ലെ നടക്കുക. ഓരോ നിമിഷവും നിറഞ്ഞു ജീവിക്കുക......"


തമിഴ്നാട്ടിലെ മിക്ക വീടുകളിലും ഒരു കൊച്ചു കലണ്ടര്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ദിവസത്തിന്‍റെ വര്‍ഷവും മാസവും തീയതിയും നാള്‍ഫലവും രാശിഫലവുമൊക്കെ അതില്‍ കുറിച്ചിരിക്കും. രാവിലെ എഴുന്നേറ്റയുടനെ കഴിഞ്ഞദിവസത്തിന്‍റെ താള്‍ കീറിക്കളഞ്ഞ് പ്രാര്‍ത്ഥനയോടെ ദിവസം ആരംഭിക്കുന്നത് ശരിക്കും പ്രതീകാത്മകമാണെന്ന് തോന്നിയിരുന്നു. ചവറ്റുകുട്ടയില്‍ ചുരുണ്ടുവീഴുന്ന ആ വെറും കടലാസിന്‍റെ വിലയെ ഉള്ളൂ നമ്മുടെ ഇന്നലെകള്‍ക്ക്. അത് പഴയതുപോലെത്തന്നെ ഘടിപ്പിക്കാന്‍ കഴിയില്ല എന്നതുപോലെ കഴിഞ്ഞുപോയ നാളുകളിലെ ഒരു നിമിഷത്തിന്റെ ഒരംശം പോലും നമുക്ക് പിടിച്ചുവെക്കാനാവുന്നില്ലല്ലോ.. തിരിഞ്ഞുനോക്കുമ്പോള്‍, മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാന്‍ നമ്മളെടുത്ത ഓരോ നിമിഷവും ഓരോ നഷ്ടമാണ്.

ആ പംക്തിയില്‍ മറ്റൊന്ന്കൂടി എന്നെ ചിന്തിപ്പിച്ചു. നമ്മില്‍ പലരും ഒന്നിനെയും അതിന്‍റെ യഥാര്‍ത്ഥനിറത്തില്‍ കാണാന്‍ ശ്രമിക്കാറില്ല എന്നത്.

"....പാതി കാണുന്നു.. പാതി കേള്‍ക്കുന്നു.. കണ്ണുതുറന്ന് ഒന്നിന്റേയും യഥാര്‍ത്ഥ സൌന്ദര്യത്തിലേക്ക് നോക്കുന്നില്ല.. ജീവിതം നഷ്ടപ്പെടാന്‍ തുടങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടു നോക്കുമ്പോഴേ ഒരുപക്ഷെ നമുക്ക് അങ്ങനെ കാണാന്‍ കഴിയൂ.."


എനിക്ക് തോന്നിയത് നമുക്കൊന്നിന്റെയും സൌന്ദര്യമോ നിറമോ ആസ്വദിക്കാനുള്ള സമയം കിട്ടാറില്ല എന്നതാണ്.. ഇന്നലെകളുടെ നഷ്ടത്തില്‍ വേദനിച്ചോ നാളെയുടെ അനിശ്ചിതത്വത്തില്‍ വ്യകുലപ്പെട്ടോ ഇന്നിന്റെ സൌന്ദര്യം ആസ്വദിക്കാനുള്ള കഴിവ് നാം തന്നെ നശിപ്പിക്കുന്നു, അഥവാ നാമറിയാതെ തന്നെ നമ്മില്‍നിന്നും അത് നഷ്ടമായിപ്പോവുന്നു.

ഒരിക്കല്‍ ഒരു സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്, നമ്മള്‍ തുമ്മുമ്പോള്‍ ആ ഒരു നിമിഷത്തേക്ക് നമ്മുടെ ശ്വസനപ്രക്രിയ നിലയ്ക്കുകയാണെന്ന്. അതിനാലാണത്രേ തുമ്മിക്കഴിയുമ്പോള്‍ ദൈവത്തെ സ്തുതിക്കുന്നത്. ജീവിതം വീണ്ടും തിരിച്ചുതന്നതിന്...! ശാസ്ത്രീയമായി അതില്‍ എന്തുമാത്രം വാസ്തവം ഉണ്ടെന്നറിയില്ലെങ്കിലും ആ വസ്തുത അര്‍ത്ഥവത്തായിത്തന്നെ തോന്നി. ശരിയാണ്.. ഈ മനോഹരതീരത്ത്‌ കിട്ടിയ ജന്മത്തിന് നാമെല്ലാം കടപ്പെട്ടിരിക്കുന്നു.. ദൈവത്തോടും... മാതാപിതാക്കളോടും... സ്നേഹവും കരുതലും സഹാനുഭൂതിയും കൊടുത്തു കടം വീടാന്‍ ശ്രമിച്ചാലും മരണം വരെ നാമെല്ലാം ഈ ഭൂമിയില്‍ കടപ്പെട്ടവരായിരിക്കുന്നു..
ജീവിതം ഒരു തീവണ്ടിയാത്രപോലെ... ഒരുമിച്ചു സഞ്ചരിക്കുമ്പോള്‍ തീവണ്ടിയുടെ കുലുക്കത്തില്‍ അടുത്തിരിക്കുന്നയാളെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രമിക്കാം... അറിയാതെ വേദനിപ്പിക്കേണ്ടിവന്നാല്‍ മനസറിഞ്ഞ് ക്ഷമ പറയാം.. നിലകിട്ടാതെ വീഴാന്‍ തുടങ്ങുന്നയാള്‍ക്ക് ഒരുകൈ താങ്ങാവാം... ചിലപ്പോള്‍ യാത്ര പറഞ്ഞും മറ്റുചിലപ്പോള്‍ പറയാതെയും ഇറങ്ങിപോവുന്ന സഹയാത്രികര്‍ക്ക് നല്ലതുവരട്ടെയെന്നു ആശംസിക്കാം...

ഒരു കൊച്ചുജന്മം കൊണ്ട് ഇത്രയൊക്കെയല്ലേ കഴിയൂ?

Monday, August 24, 2009

യക്ഷികള്‍ പിറക്കുന്നത്‌

കാലില്‍ എന്തോ നനുത്ത സ്പര്‍ശം അനുഭവപ്പെട്ട് അവള്‍ ഞെട്ടി ഉണര്‍ന്നു ചുറ്റിലും നോക്കി.. കാല്‍ക്കീഴില്‍നിന്നും പെരുച്ചാഴിയെ പോലെ എന്തോ ഒന്ന് അതിവേഗത്തില്‍ ഓടി കുറ്റിക്കാട്ടില്‍ ഒളിച്ചു.. താനെങ്ങനെ ഈ കാട്ടിലെത്തി..? ഇത് പുലര്‍ച്ചയോ സന്ധ്യയോ? ശരീരമാകെ വല്ലാത്ത നീറ്റല്‍.. ചുറ്റിലും നോക്കി സ്ഥലകാലബോധം വന്നപ്പോള്‍ ഒരു നടുക്കത്തോടെ അവിടെനിന്നും ചാടിയെഴുന്നെല്‍ക്കാന്‍ ശ്രമിച്ചു. കൈകാലുകള്‍ക്കൊക്കെ വല്ലാത്ത ഭാരം... പതിയെ എഴുനേറ്റിരുന്നപ്പോള്‍ ചുമലിലെ തുണി താഴേക്ക്‌ ഊര്‍ന്നുവീണു. അവളുടെ നഗ്നത മറയ്ക്കാനെന്നോണം ഇരുട്ടിന്‍റെ പുതപ്പു വിരിച്ചുകൊണ്ട് സൂര്യദേവന്‍ ചക്രവാളത്തില്‍ മറഞ്ഞു.

******************

ചുറ്റുമുള്ള ബഹളത്തില്‍ ശ്രദ്ധിക്കാനാവാതെ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്ന റീത്തയുടെ കൈയില്‍ കൈത്തലമമര്‍ത്തിക്കൊണ്ട് ജോബി അവളോട്‌ കുറച്ചുകൂടെ ചേര്‍ന്നിരുന്നു. യാത്രയിലുടനീളം അയാള്‍ മാത്രം അവളോട്‌ സംസാരിച്ചുകൊണ്ടിരുന്നു. സീരിയല്‍രംഗത്തെ അനന്തസാധ്യതകളെ കുറിച്ച്.. അവളുടെ ശോഭനമായ ഭാവിയെ കുറിച്ച്... അതുവഴി അയാള്‍ക്കും അവളുടെ വീട്ടുകാര്‍ക്കും കൈവരാന്‍ പോവുന്ന സൌഭാഗ്യങ്ങളെ കുറിച്ച്.. എല്ലാം അപ്പച്ചന്റെ മുന്നിലും അല്ലാതെയും പലതവണ കേട്ടതാണെങ്കിലും അവള്‍ ആദ്യമായി പഠിക്കുന്ന കൊച്ചുകുട്ടിയെപോലെ കേട്ടിരുന്നു. ഇടയ്ക്കു പരിഭ്രമത്തിന്റെ വിത്തുകള്‍ അവളുടെയുള്ളില്‍ പാകിക്കൊണ്ട് കൂടെയുള്ളവരുടെ കണ്ണുകള്‍ അവളില്‍ പരതിനടന്നപ്പോള്‍ വസ്ത്രങ്ങള്‍ നേരെയാക്കിക്കൊണ്ട് തെല്ലുജാള്യതയോടെ പുറത്തേക്കു നോക്കി.

"ആ വെളുത്ത ജൂബായിട്ട വയസനില്ലേ, അയാളാ നിര്‍മാതാവ്. മലയാളം അറിയത്തില്ല.. എന്തായാലും നിന്നെ നന്നായി ബോധിച്ചൂന്നാ പറയണേ.. അങ്ങേരു പറഞ്ഞത് മൊത്തം മനസിലായില്ലേലും നിനക്ക് ഭയങ്കര കഴിവാന്നും ഭംഗിയാന്നുമൊക്കെയാ പറഞ്ഞെ.. സത്യം പറയാലോ റീത്താമ്മേ.. എനിക്കങ്ങു ഒത്തിരി സന്തോഷമായി കേട്ടോ.."

ശമ്പളം കിട്ടുന്ന രാത്രിയില്‍ അപ്പച്ചന്‍ വരുമ്പോഴുള്ള മണമോ അമ്മച്ചി ക്രിസ്മസിന് വീട്ടിലുണ്ടാക്കുന്ന വീഞ്ഞിന്റേതോ അല്ലാതെ കുറേകൂടി രൂക്ഷമായ ഒന്ന് അയാള്‍ അരികിലേക്ക് നീങ്ങിയിരിക്കുമ്പോഴെല്ലാം അവള്‍ക്കനുഭവപ്പെട്ടു. കൂടെ പോരാനൊരുങ്ങിയ അപ്പച്ചനെ തടഞ്ഞുകൊണ്ട്‌ സ്വയം രക്ഷകര്‍ത്താവായതു തന്റെയരുകില്‍ കുഴഞ്ഞവാക്കുകളും ചുവന്ന കണ്ണുകളുമായി ചാരിയിരുന്നുറങ്ങുന്നയാള്‍ തന്നെയായിരുന്നോ? അന്നും ഇന്നും ഒറ്റത്തടിപ്പാലം മുറിച്ചുകടക്കുമ്പോള്‍ തിരിഞ്ഞുനിന്നു കൈപിടിക്കാറുള്ള, സ്കൂളിലും വീട്ടിലും കൂട്ടുകാരുടെയിടയില്‍ പോലും തനിക്കുവേണ്ടി വാദിക്കാറുള്ള അതേയാള്‍ തന്നെയാണോ ഇത് എന്നവള്‍ സംശയിച്ചു.


അപ്പച്ചന്റെ മുഖം മനസ്സില്‍ വന്നപ്പോള്‍ അവളുടെ തൊണ്ടയില്‍ എന്തോ കുരുങ്ങിനിന്നു. "ജോബിമോന്‍ പറയുന്നതിലും കാര്യമൊണ്ടെടീ ദീനാമ്മേ.. കമ്പനിയില്‍ ഇപ്പം തോന്നിയ പോലാ.. പിരിച്ചുവിടാന്‍ എന്തേലും കാരണം കാണാന്‍ കാത്തിരിക്കുവാ സാറമ്മാര്.. ഏതാണ്ട് മാന്ദ്യമെന്നോ എങ്ങാണ്ടോ പൈസാ ഇല്ലെന്നോ ഒക്കെയാ പറയുന്നേ.."

"എന്നാലും പടം പിടിക്കുന്ന സ്ഥലം കാണാനും നടിയെ കൊണ്ടുപോണോ ജോബിച്ചാ..?"

"ഒന്ന് മിണ്ടാതിരി ദീനാമ്മേ.. മറ്റാരുമല്ലല്ലോ കൂടെ.. ഇവക്കടെ മാമോദീസാടെ അന്ന് തോമാച്ചന്‍ പറഞ്ഞതോര്‍ക്കുന്നോ.. ഈ പൊന്നുംകുടത്തിനെ ഞങ്ങടെ ജോബിമോന് വേണ്ടി തന്നേക്കണേ...ന്ന്! "


"ഹൊറര്‍ സീരിയലാ.. അതിലെ മെയിന്‍ കഥാപാത്രമാ റീത്താമ്മക്ക്! ഡയറക്ടര്‍ സാര്‍ പറഞ്ഞതെന്നതാന്നറിയാവോ, നിനക്കേതാണ്ട് സര്‍പ്പസൌന്ദര്യമാണെന്ന്! നാഗയക്ഷിയോ അങ്ങനേതാണ്ടാ... ആ.. ഇതൊക്കെ ആര്‍ക്കറിയാം! എന്തായാലും ഇപ്പൊ കരച്ചില്‍ സീരിയല്‍ ഒന്നും ആര്‍ക്കും വേണ്ടെന്നേ.. ഇങ്ങനത്തെയാ വിജയിക്കുന്നത്.."

ജോബിയുടെ അറിവിന്‌ മുന്നില്‍ മിഴിച്ചിരിക്കുന്ന മാതാപിതാക്കളുടെ അടുത്തുനിന്നും എഴുനേറ്റു അകത്തെമുറിയിലെ ജനലഴിയില്‍ തൂക്കിയിട്ടിരിക്കുന്ന കുഞ്ഞുകണ്ണാടിയില്‍ സ്വന്തം മുഖത്തെ സര്‍പ്പസൌന്ദര്യം തിരഞ്ഞുകൊണ്ട്‌ അവള്‍ നിന്നു. ഒപ്പം അപ്പുറത്തെ പൈലിച്ചേട്ടന്റെ വീട്ടിലെ ടെലിവിഷനില്‍ സന്ധ്യക്ക്‌ തെളിയുന്ന സുന്ദരികളുടെ സ്ഥാനത്ത് തന്നെത്തന്നെ സങ്കല്‍പ്പിച്ചും സ്വയം മറന്നു നിന്നപ്പോഴായിരുന്നു ജോബി യാത്ര പറയാനായി വിളിച്ചത്.


കറുത്ത ചില്ലിട്ട് മറച്ച ശീതികരിച്ച വലിയ വാഹനം കുലുങ്ങിക്കൊണ്ട് ചെമ്മണ്‍പാതയിലേക്ക് കയറി. വിജനമായ വഴികള്‍ കണ്ട്, തോളിലേക്ക് ചാഞ്ഞുറങ്ങുന്ന ജോബിയെ തട്ടിവിളിച്ചു. അവളുടെ സംശയത്തിന്‍റെ മുനയൊടിക്കാനായി അയാള്‍ എന്തൊക്കെയോ ന്യായങ്ങള്‍ നിരത്തി.
"ബോറടിക്കുന്നുണ്ടോ? ഇനി കുറച്ചുകൂടി പോയാല്‍ മതി. പേടിക്ക്യോന്നും വേണ്ട കേട്ടോ.. ഞാനില്ലേ കൂടെ? "

അയാള്‍ കൊടുത്ത ശീതളപാനീയം കുറേശ്ശെ നുകര്‍ന്നുകൊണ്ട് മടിയിലെ കറുത്തബാഗില്‍ എന്നും കരുതാറുള്ള മാതാവിന്‍റെ പടത്തില്‍ മുറുകെ പിടിച്ച് അവള്‍ കണ്ണടച്ചിരുന്നു.

************************
ഇതേതാണ് നാട്? അതോ കാടോ? ചീവീടിന്റെയും ഏതൊക്കെയോ ജീവികളുടെയും ശബ്ദം മാത്രം കേള്‍ക്കാം. ചുറ്റും പരതിയപ്പോള്‍ കുറച്ചകലെയായി കിടന്നിരുന്ന അവളുടെ കീറിയ വസ്ത്രങ്ങളും ബാഗും നിലാവെളിച്ചത്തില്‍ അവള്‍ കണ്ടു. എന്തോ കടിച്ചുകീറിയതുപോലെ വലിയദ്വാരം വീണ ബാഗില്‍നിന്നും മാതാവിന്‍റെ ചിത്രം എവിടെയോ നഷ്ടമായിരുന്നു.

പലവിധ ചിന്തകളും കണ്ണീരുമായി എത്രനേരം അങ്ങനെയിരുന്നുവെന്നറിയില്ല. വസ്ത്രത്തിലെ കീറിയ ഭാഗങ്ങള്‍ മറയ്ക്കാന്‍ ഷാള്‍ പുതച്ചുകൊണ്ട് പതിയെ എഴുനേറ്റു.. നിവര്‍ന്നുനില്‍ക്കാനോ ഒരടി മുന്നോട്ടുനടക്കാനോ അനുവദിക്കാതെ കാല്‍മുട്ടുകള്‍ പിണങ്ങിനിന്നു. ഏന്തിവലിഞ്ഞും മുട്ടിലിഴഞ്ഞും കുറെ ദൂരം പിന്നിട്ടപ്പോള്‍ കുറച്ചകലെ ഏതോ വാഹനത്തിന്റെ ശബ്ദം കേട്ട് അടുത്തുള്ള ചെടിയില്‍ പിടിച്ചുകൊണ്ട്‌ വീണ്ടും എഴുനേല്ക്കാനൊരു ശ്രമം നടത്തി. ഇത്തവണ ഒരുവിധം നിവര്‍ന്നുനിന്നു. കാലുകള്‍ പതിയെ നീക്കി കുറേകൂടി മുന്നോട്ടു നടന്നപ്പോള്‍ പൊതുവഴി എന്ന് തോന്നിക്കുന്ന ചെമ്മണ്‍പാതയിലെത്തി. ദൂരെ വളവുതിരിഞ്ഞ് അടുത്തേക്ക് വരുന്ന വാഹനത്തിന്‍റെ വെളിച്ചം അവളുടെയുള്ളില്‍ പ്രതീക്ഷയുടെ കിരണങ്ങളായി. ഒരുവിധം നിലയുറപ്പിച്ച് ഇരുകൈകളും ഉയര്‍ത്തി ഉറക്കെ വിളിച്ചു. അടുത്തേക്ക് വന്നുകൊണ്ടിരുന്ന വാഹനം നിന്നപ്പോള്‍ ആശ്വാസത്തോടെ മാതാവിനെ സ്തുതിച്ച് മുന്നോട്ടാഞ്ഞ അവള്‍ വലിയ അലര്‍ച്ചകേട്ട് ഞെട്ടിപ്പോയി.

"അയ്യോ യക്ഷി യക്ഷി..."
ബൈക്ക് അതിവേഗത്തില്‍ തിരിച്ചുപോവുന്നത് നോക്കി റീത്ത ഉറക്കെക്കരഞ്ഞുകൊണ്ട് നിലത്തിരുന്നു.
പിന്നെയെപ്പോഴോ എഴുനേറ്റ് എങ്ങോട്ടെന്നില്ലാതെ അവള്‍ നടന്നു. അപ്പച്ചാ.. അപ്പച്ചന്റെ കൊച്ച് നാളെത്തന്നെ ടീവീല്‍ വരും.. യക്ഷിയായി.. പിന്നെ.. പല കഥകളിലെയും നായികയായി... പിന്നെ... കാട്ടില്‍ കണ്ടെടുത്ത അജ്ഞാതജഡമായി...

അപ്പോഴേക്കും ജോബിച്ചായനും കൂട്ടര്‍ക്കും വേണ്ടി പുതിയ യക്ഷി പിറന്നിട്ടുണ്ടാവും.

Thursday, July 23, 2009

മധുരിക്കും ഓര്‍മ്മകള്‍..

21-7-'09

ഇന്ന് കര്‍ക്കിടകവാവ്.. രാവിലെത്തന്നെ ചേച്ചി വിളിച്ചു, അട തിന്നാന്‍ വരുന്നോ എന്ന് ചോദിച്ചുകൊണ്ട്.. ഒരുപാട് മധുരമുള്ള ഓര്‍മ്മകളാണ് മനസിലൂടെ കടന്നുപോയത്...

പണ്ട് വീട്ടില്‍ കര്‍ക്കിടകവാവിന് അട ഉണ്ടാക്കുമായിരുന്നു. വാഴയിലയില്‍ പരത്തിയ അരിമാവിനുള്ളില്‍ ശര്‍ക്കരയും അവലും ചെറുപയര്‍പരിപ്പുമൊക്കെ ചേര്‍ത്തുണ്ടാക്കിയ 'തീറ്റ' എന്നറിയപ്പെടുന്ന ഫില്ലിംഗ് വെച്ച് ഉണ്ടാക്കുന്ന ഇലയട എന്ന മധുരപലഹാരം തലേന്ന് രാത്രി വീട്ടിലുള്ള എല്ലാവരും ചേര്‍ന്ന് തയ്യാറാക്കി വലിയ അടുപ്പില്‍ വളരെ വലിയകലത്തില്‍ വെള്ളം തിളപ്പിച്ച് അതിനുമുകളിലായി ആവിയില്‍ വേവിക്കാന്‍ വെച്ച് കൊതിയൂറും മനസോടെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എത്രയും പെട്ടെന്ന് നേരം വെളുക്കണേ എന്നായിരിക്കും പ്രാര്‍ത്ഥന.


അട ഉണ്ടാക്കല്‍ എന്നത് തന്നെ വളരെ വലിയൊരു പ്രക്രിയ ആയിരുന്നു. രണ്ടുദിവസം മുന്‍പേ തന്നെ അരി പൊടിച്ചു വറുത്തുവെക്കുമായിരുന്നു അമ്മ. പിന്നെ വാവിന്റെ തലേന്ന് വൈകിട്ടാണ് പരിപാടികള്‍ തുടങ്ങുന്നത്. സ്ത്രീജനങ്ങള്‍ നിറയെ ഉണ്ടായിരുന്ന വീട്ടില്‍ ഓരോരുത്തരിലും ഓരോ ജോലി നിക്ഷിപ്തമായിരുന്നു. വാഴയില വെട്ടിയെടുത്തു കഴുകിത്തുടച്ചു വാട്ടിയെടുത്ത് ചെറുതായി മുറിച്ചെടുക്കുന്നതായിരുന്നു ഒരു പ്രധാനപ്പെട്ട പണി. അന്ന് അത്താഴം നേരത്തെ തന്നെ കഴിക്കുമായിരുന്നു. അടുക്കളയൊക്കെ വൃത്തിയാക്കിയതിനുശേഷം അമ്മ തന്നെയായിരുന്നു മാവ് കുഴച്ചിരുന്നത്. ഒപ്പം ശര്‍ക്കരപാവ് കാച്ചാനും ചെറുപയര്‍ പരിപ്പ് വേവിച്ച് തേങ്ങയും ചേര്‍ത്ത് പാവില്‍ ചേര്‍ത്ത് വിളയിക്കാനും ചേച്ചിമാര്‍ അമ്മയോടൊപ്പം കൂടിയിരുന്നു. കാഴ്ചക്കാരിയായിനിന്ന് കൊതിമൂത്ത് കൈനീട്ടുമ്പോള്‍ അമ്മയുടെ ശാസന നിറഞ്ഞ നോട്ടം എനിക്ക് നേരെ നീണ്ടിരുന്നുവെങ്കിലും 'തീറ്റ' മറ്റൊരു പാത്രത്തിലേക്ക് മാറ്റിക്കഴിയുമ്പോള്‍ അത് പാകം ചെയ്തിരുന്ന ഉരുളിയുടെ വശങ്ങള്‍ വൃത്തിയാക്കുന്ന പണി ഞാന്‍ സന്തോഷപൂര്‍വ്വം ഏറ്റെടുത്തിരുന്നു.


രാത്രി ഒന്‍പതുമണിയോടെ എല്ലാവരും പ്രവര്‍ത്തനമേഘലയില്‍ ഹാജരായിരിക്കും. കര്‍ക്കിടകമാസമായതുകൊണ്ട് തറയില്‍ ഇരിക്കാന്‍ തണുപ്പ് അനുവദിക്കാത്തതിനാല്‍ ഊണുമേശക്കു ചുറ്റിലും നിന്നും ഇരുന്നുമൊക്കെയായിരുന്നു ഞങ്ങള്‍ ചെയ്തിരുന്നതെന്നാണ് എന്‍റെ ഓര്‍മ്മ. ഒരാള്‍ വാട്ടിയ ഇലയുമായി കാത്തിരിക്കും. കുഴച്ചമാവില്‍ നിന്നും കുഞ്ഞുരുളകള്‍ ഓരോന്നായി അയാളുടെ നേരെ നീട്ടപ്പെടും. വൃത്തത്തില്‍ കനം കുറച്ച് പരത്തുക എന്നതായിരുന്നു അയാളുടെ ജോലി. പരത്തപ്പെട്ട ഇല അടുത്തയാളുടെ അരികിലേക്ക് നീക്കിവെച്ചു അടുത്ത ഇല എടുത്ത് അതേ പണി തുടര്‍ന്ന് കൊണ്ടിരിക്കുമായിരുന്നു. മാവ് പരത്തപ്പെട്ട ഇല കിട്ടിയ ആള്‍ പാത്രത്തില്‍ വെച്ചിരിക്കുന്ന തീറ്റ അതിനു മുകളില്‍ വെക്കും. എന്നിട്ട് അടുത്തയാളുടെ അടുത്തേക്ക് നീക്കിവെക്കും. അടുത്തയാളുടെ പണി ഇല കീറിപ്പോവാതെ ഭംഗിയായി മടക്കി വെക്കുക എന്നതാണ്. നിമിഷനേരം കൊണ്ട് അടകള്‍ വേവാന്‍ തയാറായി അടുക്കിവെച്ച പുസ്തകങ്ങള്‍ പോലെ മേശപ്പുറത്തു നിറയും. അപ്പോഴേക്കും അമ്മ വലിയകലത്തില്‍ ഏറ്റവും അടിയില്‍ ഒരു നാണയമിട്ട് ചിരട്ട കമിഴ്ത്തി വെച്ച് അതിനു മുകളില്‍ വാഴത്തണ്ടുകള്‍ കീറി തലങ്ങും വെലങ്ങും വെച്ച് അതിലേക്കു ആവശ്യത്തിനു വെള്ളമൊഴിച്ച് അടുപ്പ് കത്തിക്കും. വെള്ളം തിളച്ചുതുടങ്ങുന്നത് അറിയാനാണത്രേ ഇങ്ങനെ നാണയം ഇടുന്നത്. ഇതിനു പുറത്താണ് അടകള്‍ ഓരോന്നായി പൊതി അഴിഞ്ഞുപോവാതെ അടുക്കി വെക്കുന്നത്. എല്ലാ അടയും വൃത്തിയായി അടുക്കി വെച്ചതിനു ശേഷം ആവി പുറത്തേക്കു പോവാത്തവണ്ണം ഭംഗിയായി കലമടച്ചുവെച്ച് വീണ്ടും നന്നായി തീ കത്തിക്കും. അപ്പോഴേക്കും നിദ്രാദേവിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മനസ്സില്ലാമനസോടെ ഞാന്‍ കിടക്കയിലെത്തിയിരിക്കും.


ഉച്ചവരെ അവധിയായിരുന്നാല്‍ പോലും അതിരാവിലെ ഉണരുന്ന കാര്യത്തില്‍ അന്ന് മാത്രം യാതൊരു മടിയും തോന്നിയിരുന്നില്ല. മുറ്റത്തും പറമ്പിലും കറങ്ങിനടന്നും പുള്ളിക്കോഴിയുടെ മുട്ടതേടി കോഴിക്കൂട്ടില്‍ എത്തിനോക്കിയും എല്ലാ പ്രഭാതങ്ങളിലും കിണറ്റുകരയില്‍ വരാറുള്ള അണ്ണാന്‍കുഞ്ഞിനോട് സുഖാന്വേഷണം നടത്തിയും പല്ലുതേപ്പ് ഒരു ആഘോഷമാക്കാറുള്ള ഞാന്‍ അന്ന് മാത്രം എല്ലാത്തിനും അവധികൊടുത്ത് വളരെപ്പെട്ടെന്ന് തന്നെ പ്രഭാതകൃത്യങ്ങളൊക്കെ തീര്‍ത്ത് അടുക്കളയിലെ അരിപ്പെട്ടിക്കു മുകളില്‍ സ്ഥാനം പിടിച്ച് മറ്റുജോലികള്‍ തീര്‍ത്തുവരുന്ന അമ്മയെ അക്ഷമയോടെ കാത്തിരുന്നിരുന്നു. ആ കലം തുറക്കുമ്പോള്‍ പുറത്തേക്ക് വരുന്ന ഒരു സുഗന്ധം - വാഴയിലയുടെയും ശര്‍ക്കരയുടെയും ഏലയ്ക്കായുടെയുമൊക്കെ സമ്മിശ്രമായ ആ മണം - ആഹ്... അത് അനുഭവിച്ചുതന്നെയറിയണം! ഇന്നും മറക്കാനാവുന്നില്ല!



ഇത്രയും വായിച്ചുകഴിയുമ്പോള്‍ തോന്നാം, ഇതാ ഞാനിപ്പോള്‍ അട കഴിക്കാന്‍ പോവുകയാണെന്ന്. ഇനിയുമുണ്ട് ഒരു കടമ്പ കൂടി.. അമ്മ അടകള്‍ നിശ്ചിത എണ്ണം വീതം എടുത്തു പൊതിഞ്ഞു കയ്യില്‍ തരും. അവ അയല്‍പക്കങ്ങളില്‍ കൊണ്ടുപോയി കൊടുക്കുന്ന ജോലി വീട്ടിലെ ഇളയസന്താനമായ എന്റേതായിരുന്നു! ഒരൊറ്റയോട്ടത്തിനു ആ പണിയും തീര്‍ത്തു കിതപ്പോടെ വന്നുനില്‍ക്കുമ്പോള്‍ ഇതാ ഒന്നാം പാഠം പഠിച്ചോളൂ എന്നുപറഞ്ഞുകൊണ്ട് ഒരു അട എന്‍റെ കയ്യില്‍ വെച്ച് തരും...

ഇന്ന് ഞങ്ങള്‍ ഓരോരുത്തരും ഓരോ നാട്ടിലാണ്. ഇത്തരം ദിവസങ്ങളില്‍ പരസ്പരം വിളിച്ച് പൊയ്പ്പോയ നല്ല നാളുകളുടെ ഓര്‍മ്മകള്‍ അയവിറക്കുന്നു.

"ഓ... അമ്മയ്ക്ക് നൊസ്റ്റാല്ജിയ വര്‍ക്ക്‌ ഔട്ട്‌ ആവുന്നു!" എന്ന് കളിയാക്കുന്ന ഇന്നത്തെ തലമുറ അറിയുന്നില്ല അവര്‍ക്ക് നഷ്ടമായത് ഇത്തരം ആചാരങ്ങള്‍ മാത്രമല്ല, പരസ്പരമുള്ള നിസ്വാര്‍ത്ഥസ്നേഹവും പങ്കുവെക്കലും ഒക്കെയാണെന്ന്...

അടയുടെ കാര്യം പറഞ്ഞു കൊതിപ്പിച്ചോ? ഇപ്പോഴൊന്നു ഉണ്ടാക്കി നോക്കിയാലോ എന്ന് തോന്നുന്നുണ്ടെങ്കില്‍ ഒരു പാചകക്കുറിപ്പ് ഇവിടെയുണ്ട്.

Tuesday, July 14, 2009

കണ്‍ നിറയെ...

"ഭാമിനീ.. ഇന്ന് നമ്മുടെ മോള്‍ ഒരു കല്യാണപ്പെണ്ണാവുകയാണ്! നിന്‍റെ രാധൂന്റെ മോന്‍ അഖില്‍ ആണ് വരന്‍. ഓര്‍ക്കുന്നോ പണ്ട് ചെറുപ്പത്തില്‍ അവരൊന്നിച്ചുകളിക്കുമ്പോള്‍ നമ്മള്‍ പറയാറുണ്ടായിരുന്നത്...? നിനക്കവരെ കാണണ്ടേ? "

വേണം വിശ്വേട്ടാ.. പക്ഷെ എന്‍റെ കണ്‍പോളകള്‍ എന്തേ അകലുന്നില്ല? എന്‍റെ മുന്നില്‍ ഇരുള്‍ മാത്രമായിട്ടു എത്രനാളായി.. ആരുടെയൊക്കെയോ സംസാരങ്ങള്‍ മാത്രം കാതില്‍ വീഴുന്നു.. വാക്കുകള്‍ ഒന്നിന് പുറകെ ഒന്നായി സ്മൃതിപഥത്തില്‍ നിരങ്ങിനീങ്ങുന്നുവെങ്കിലും പലതിന്റെയും അര്‍ഥം മനസിലാവുന്നില്ല. പാളം തെറ്റിമറിയുന്ന തീവണ്ടിപോലെ വാചകങ്ങള്‍ വികൃതമായി തകര്‍ന്നുവീഴുന്നു.. ചിലര്‍ പറയുന്നത് മനസിലാവുന്നു എങ്കിലും വീണ്ടും ഓര്‍ത്തെടുക്കാനാവുന്നില്ല...

എനിക്കിതു എന്താണ് പറ്റിയത് വിശ്വേട്ടാ..? ആരാണെന്നെ ഇവിടെ കിടത്തിയത്‌? എന്നോ ഒരിക്കല്‍ കലശലായ തലവേദന വന്നത് ഓര്‍ക്കുന്നു.. ആശുപത്രിമുറിയില്‍നിന്നും നിറയെ വെളിച്ചമുള്ള എവിടെയ്ക്കോ നീങ്ങുമ്പോള്‍ അച്ഛന്‍റെ നെഞ്ചോടു ചേര്‍ന്നുനിന്ന മോളുടെ മുഖം മാത്രം അവ്യക്തമായി ഓര്‍മ്മയുണ്ട്.. വല്ലാതെ ചൂഴ്ന്നിറങ്ങിയ വെട്ടം താങ്ങാനാവാതെ ഇറുക്കെ മൂടിയ കണ്ണുകളാണ്.. പിന്നീടെന്തേ തുറക്കാനാവാഞ്ഞത്.. വലിച്ചുതുറക്കാന്‍ ഏറെ പണിപ്പെട്ടിട്ടും കഴിയുന്നില്ലല്ലോ.. കണ്‍പീലികള്‍ കോര്‍ത്ത്‌ തുന്നിവെച്ചുവോ.. അമ്മേയെന്നു വിളിച്ചു മോള്‍ അരുകിലിരുന്നപ്പോള്‍ കൈനീട്ടി ഒന്ന് തൊടാന്‍ എത്ര ശ്രമിച്ചു.. എപ്പോഴും എന്തെങ്കിലും കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ മോളും വിശ്വേട്ടനും.. പിന്നെയും വേറെ ആരൊക്കെയോ... ഇടയ്ക്കെപ്പോഴോ തൊണ്ടയില്‍ നനുത്ത ഉപ്പുരസം അനുഭവിക്കുമ്പോള്‍ മനസിലാക്കാന്‍ ശ്രമിക്കും, ഈ ശപിക്കപ്പെട്ട ജീവന്‍ നിലനിര്‍ത്താന്‍ ആരോ ആഹാരം തരികയാണെന്ന്...എന്തിനാണിങ്ങനെ കിടത്തുന്നതെന്ന് ചോദിക്കാന്‍ കഴിഞ്ഞെങ്കില്‍..


ഞാന്‍ ഈ നിലയിലായിട്ട് ഒരുപാട് നാളുകളായോ... എന്‍റെ പൂന്തോട്ടത്തിലെ ചെടികള്‍ കരിഞ്ഞുവോ? നിശാഗന്ധി എത്ര പൂവിട്ടു വിശ്വേട്ടാ? തുളസിക്ക് മോള് നിത്യവും വെള്ളമൊഴിക്കാറുണ്ടോ എന്തോ.. കഴിഞ്ഞ മഴക്കാലത്ത് ആരുടെ പക്കല്‍ നിന്നാണ് ഞാന്‍ മഞ്ഞറോസാചെടി കൊണ്ടുവന്നത്... അവരുടെ മുഖം ഓര്‍മ്മവരുന്നുണ്ടെങ്കിലും പേര് ഓര്‍ത്തെടുക്കാനാവുന്നില്ലല്ലോ... എന്‍റെ രാധാകൃഷ്ണചിത്രം മുഴുവനായോ... രാധയ്ക്കു ഏതു നിറത്തിലുള്ള പട്ടുചേലയായിരുന്നു ഞാന്‍ കൊടുക്കാന്‍ ഉദ്ദേശിച്ചത്.. ശ്യാമവര്‍ണ്ണന്റെ രൂപം മാത്രമേ മനസ്സില്‍ വരുന്നുള്ളൂ..


ആരാണെന്‍റെ ചേതനയെ എന്നില്‍ നിന്നടര്‍ത്തിമാറ്റിയത്? എന്തിനാണ് എന്‍റെ ഓര്‍മ്മകള്‍ക്കുമീതെ മഞ്ഞിന്‍ തിരശ്ശീല വിരിച്ചത്? എന്‍റെ കൃഷ്ണാ.. ഇതെന്തിനുള്ള ശിക്ഷയാണ്? ശരിയെന്നു കരുതി ചെയ്തുകൂട്ടിയതെല്ലാം നിനക്ക് തെറ്റായിരുന്നുവോ..? എവിടെയാണ് കണക്കുകൂട്ടലുകള്‍ പിഴച്ചത്? എന്‍റെ പൊന്നോമന മണവാട്ടിയായി ഒരുങ്ങുമ്പോള്‍ ഞാനായിരുന്നില്ലേ എന്തിനും കൂടെ നില്‍ക്കേണ്ടിയിരുന്നത്? എന്‍റെ സ്വപ്നവും പ്രാര്‍ത്ഥനയുമെല്ലാം ഇതായിരുന്നില്ലേ... എന്നിട്ട് അവളെ ഒന്ന് കാണാന്‍ കൂടി കഴിയാതെ... എന്തിനാണിങ്ങനെ ശ്വാസം മാത്രം അവശേഷിപ്പിച്ചിരിക്കുന്നത്‌... ഒരു നിമിഷത്തേയ്ക്കെങ്കിലും ഒന്ന് കണ്ണുതുറക്കാന്‍ കഴിഞ്ഞെങ്കില്‍... അവളുടെ മുഖംപോലും അവ്യക്തമാക്കിയതെന്തേ ഭഗവാനെ..! ഓര്‍മ്മയില്‍ അവളിന്നും നീളന്‍പാവാടയിട്ട പത്താംതരക്കാരിയാണ്.. അതുകഴിഞ്ഞിങ്ങോട്ടു ചിന്തിക്കാനാവുന്നില്ലല്ലോ... വയ്യ...!

"അച്ഛാ... ഒന്നോടിവരൂ.. അമ്മേടെ കണ്ണ് നിറഞ്ഞൊഴുകുന്നൂ...!!"

പ്രിയപ്പെട്ടവരുടെ ഗദ്ഗദകണ്ഠങ്ങളില്‍ കുരുങ്ങി പണിപ്പെട്ടു പുറത്തുവരുന്ന വിളികള്‍.. പൊട്ടിക്കരച്ചിലുകള്‍... അടക്കിപ്പിടിച്ച തേങ്ങല്‍.. എന്‍റെ മോളെ കാണണം.. അനുഗ്രഹങ്ങള്‍ പൊഴിച്ച്, മാറോടുചേര്‍ത്ത് അവളുടെ നിറുകയില്‍ ചുംബിക്കണം.. ഒടുവില്‍ വിശ്വേട്ടന്റെ തോളില്‍ തലചായ്ക്കണം..


"ദിസ്‌ ഈസ്‌ ഗുഡ് സൈന്‍.. ആ കോട്ടണ്‍ തണുത്തവെള്ളത്തില്‍ ഒന്ന് നനച്ചു തരൂ.. അമ്മയുടെ കണ്ണൊന്നു തുടച്ചുകൊടുക്കാം.."

കണ്ണിനു മുകളില്‍ തണുപ്പ് അനുഭവപ്പെട്ടുവോ... അതോ അതും തോന്നല്‍ മാത്രമാണോ..

"മാഡം... ഒന്ന് ട്രൈ ചെയ്തുനോക്കൂ.. കണ്ണുകള്‍ തുറക്കൂ... യൂ കാന്‍.. പ്ലീസ്... ട്രൈ.. "

യെസ്... എനിക്ക് കാണണം.. എന്‍റെ ലോകം.. എന്‍റെ മോള്‍.. വിശ്വേട്ടന്‍.. രാധയെയും കൃഷ്ണനെയും... മഞ്ഞറോസിനെ.. നിശാഗന്ധിയെ... പിന്നെ...


ഓഹ്‌!! എന്തൊരു വെളിച്ചം! ഒരുപാട് നിറങ്ങള്‍... ഒരുപാട് മുഖങ്ങള്‍.. ന്‍റെ കൃഷ്ണാ... ഇത് സത്യമാണോ... ഞാന്‍ വീണ്ടും കാണുകയാണോ എല്ലാം... ?! എന്‍റെ വിരലുകള്‍ വിറച്ചുവോ? ശരീരത്തില്‍ ഉടനീളം എന്തോ ഒഴുകി കയറുന്ന പ്രതീതി! കടുംചുവപ്പ് പട്ടുസാരിയണിഞ്ഞു സര്‍വ്വാഭരണവിഭൂഷിതയായി നില്‍ക്കുന്നത് എന്‍റെ മണിക്കുട്ടിയല്ലേ? എവിടെ എന്‍റെ...? തന്‍റെ കൈക്കുള്ളില്‍ എന്‍റെ കൈ പൊതിഞ്ഞുവെച്ചുകൊണ്ട് കാല്‍ക്കല്‍ തളര്‍ന്നിരിക്കുകയാണോ വിശ്വേട്ടന്‍? എല്ലാവരുടെയും പേരുകള്‍ ഓര്‍മ്മ വരുന്നില്ല... എങ്കിലും അറിയാം...

ഈശ്വരാ... നന്ദി പറയട്ടെ ഞാന്‍.. മിഴികള്‍ മൂടാതെതന്നെ.. കാരണം... എനിക്കിനി കണ്ണടയ്ക്കാന്‍ ഭയമാണ്.

Friday, May 29, 2009

പേരിടാത്ത കഥ

"ഭദ്രേച്ചിയേ.. ഇന്നോരെണ്ണം കൂടീണ്ട് ട്ടോ.. നമ്മടെ ദിവാകരേട്ടന്റെ അമ്മ... ഇന്ന് പുലര്‍ച്ചയ്ക്കാത്രേ.. ബോംബേന്നു മകള് എത്തീട്ടില്ല്യാ.. സന്ധ്യാവുംന്നാ തോന്നണേ.."

എരിഞ്ഞടങ്ങുന്ന ചിതയ്ക്കരുകില്‍നിന്ന് അവസാനത്തെ ആളും മടങ്ങിയതിനുശേഷം അവിടമൊക്കെ വൃത്തിയാക്കിക്കൊണ്ട് നില്‍ക്കുകയായിരുന്ന അവളോട്‌ വിറകുകള്‍ അടുക്കിവെച്ചുകൊണ്ട് മണിയന്‍ പറഞ്ഞു. ഏറെ പണിപ്പെട്ടു മനസ്സില്‍നിന്നും തുടച്ചുനീക്കിയ പേര് ഒരു വിറയലായി ശരീരത്തില്‍ പടരുന്നത് കാര്യമാക്കാതെ ജോലി തുടര്‍ന്നു.

*************

അമ്മയെ മേലുകഴുകിച്ചു നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച് ഉമ്മറകോലായയില്‍ ഇരുത്തി, സന്ധ്യാദീപം കൊളുത്തിവെച്ച്, കഞ്ഞിക്കുള്ള അരികഴുകുമ്പോള്‍ കേട്ട പതിവ് മണിനാദം താനറിയാതെ തന്നെ കിണറ്റുകരയില്‍ എത്തിച്ചു.


"നാളെ കാലത്ത് ഏഴുമണിക്ക് നീ അമ്പലത്തില്‍ വരണം. അമ്മ വരണുണ്ട്. ഞാനെല്ലാം പറഞ്ഞിട്ടുണ്ട്. നിന്നെ ഇഷ്ടാവും. എനിക്കുറപ്പാ.. "

"എല്ലാം പറഞ്ഞുവോ? "

"അതിനിപ്പോ ന്താത്ര പറയാനുള്ളത്? നീ വന്നേ പറ്റൂ.. പോട്ടെ.. നേരായി"

ചുവന്ന ഇരിപ്പിടമുള്ള സൈക്കിളും തുടരെയുള്ള മണിനാദവും ഇരുളില്‍ അകലേക്ക് മറയുമ്പോള്‍ അടുക്കളച്ചുവര്‍ ചാരിനിന്നവള്‍ തനിയെ ചിരിച്ചു.. എത്ര സുന്ദരിയായി മുന്നില്‍ ചെന്നാലും സുന്ദരിയുടെ പിന്നാമ്പുറകഥകള്‍ അറിയുമ്പോള്‍ ആ അമ്മയും ചുവപ്പുകൊടി കാട്ടും. നാട്ടുമ്പുറത്ത് തനിയെ കഴിയുന്ന വിധവയായ അമ്മയും യുവതിയായ മകളും കഥകള്‍ക്കുള്ള പ്രമേയമാണ് പലപ്പോഴും. ആരോരുമില്ലാത്തവര്‍ക്ക് നേരെ നീട്ടപ്പെടുന്ന സഹായഹസ്തം അന്യദേശക്കാരനായ പുരുഷന്റെതാണെങ്കില്‍ അത് കഥയിലെ രസത്തിനുള്ള മേമ്പൊടിയും. കുഞ്ഞുന്നാള്‍ മുതലേ കുളക്കടവിലും പ്രദക്ഷിണവഴികളിലും അവള്‍ പലതും നേരിട്ടും അല്ലാതെയും കേട്ടുകൊണ്ടിരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് പടക്കപ്പുരയില്‍ നടന്ന അപകടത്തില്‍ ഭര്‍ത്താവിനോടൊപ്പം എരിഞ്ഞടങ്ങാന്‍ കഴിയാത്തതില്‍ സ്വയം ശപിച്ചുകഴിയുന്ന അമ്മയോട് കൂടെ പണിചെയ്തിരുന്ന മറ്റൊരു പുരുഷന്‍റെ കണ്ണുകളില്‍ മോഹം കണ്ടിരുന്നോ എന്നോ അതിനുമുന്പെപ്പോഴെങ്കിലും അയാള്‍ തന്‍റെ പ്രണയം പറഞ്ഞിരുന്നോ എന്നൊന്നും ചോദിക്കാന്‍ അവള്‍ക്കാകുമായിരുന്നില്ല. കഴിയുന്നതും ഒരു കയ്യോ നോട്ടമോ മൂളലോ കൊണ്ടുമാത്രം ആശയവിനിമയം നടത്തുകയും അല്ലാത്തപ്പോഴൊക്കെ അകലേക്ക് നോക്കി വെറുതെ കിടക്കുകയും ചെയ്തിരുന്ന അമ്മയില്‍നിന്ന് ഒന്നും തന്നെ അറിയാന്‍ ആഗ്രഹവും ഉണ്ടായില്ല.


തികച്ചും ഒറ്റപ്പെട്ടുപോയ, മുഴുപ്പട്ടിണിയുടെ നാളുകളില്‍ അരിയും മറ്റ് അവശ്യസാധനങ്ങളും നിറച്ച പച്ചയും മഞ്ഞയും പ്ലാസ്റ്റിക്‌നൂലുകള്‍ വരിഞ്ഞുണ്ടാക്കിയ ഒരു സഞ്ചി മാത്രം ഇറയത്തുവെച്ച് തങ്കവേലു നടന്നകന്നു. അവളുടെ കുഞ്ഞുവയറിന്റെ വിശപ്പോര്‍ത്ത് അമ്മ ആ സഞ്ചി ഉള്ളിലെക്കെടുത്തു വെച്ചുതുടങ്ങി. അതോടെയായിരുന്നു കഥകള്‍ക്ക് പുതിയ മാനങ്ങള്‍ വന്നു തുടങ്ങിയത്.

"അമ്മക്ക് ക്ഷീണോക്കേണ്ടോ കുട്ട്യേ? തങ്കവേലുമാമന്‍ ആശൂത്രീല്‍ കൊണ്ടോയോ?"

പഞ്ചാക്ഷരീമന്ത്രത്തിനോടൊപ്പം പരദൂഷണം ചേര്‍ത്ത് ചൊല്ലുന്ന നാണിയമ്മ കുളക്കടവില്‍ അവളെ പിടിച്ചുനിറുത്തി ഉറക്കെ ചോദിച്ചപ്പോള്‍ മറ്റു മഹിളാമണികള്‍ പൊട്ടിച്ചിരിക്കുന്നതുകണ്ട് കുറച്ചുനേരം പകച്ചു നിന്നിട്ട് തിരിഞ്ഞോടുമ്പോള്‍ പിന്നില്‍ പിന്നെയും ചോദ്യങ്ങള്‍ പല ശബ്ദങ്ങളില്‍ കേട്ടു. അന്നുമുതല്‍ അയാളുടെ വളഞ്ഞ കാലുകള്‍ പെറുക്കി വെച്ചുള്ള നടത്തം മുതല്‍ കഷണ്ടി കയറിയ തലയും കറുത്തദേഹവും മുഷിഞ്ഞ ഒറ്റമുണ്ടും കാല്തണ്ടയിലെ മുറിവുകെട്ടും വരെ അവള്‍ വെറുത്തു. അയാള്‍ ചെയ്യുന്നതൊക്കെ എന്തിനു വേണ്ടിയെന്ന ഉത്തരം കിട്ടാത്ത ചോദ്യം മനസ്സില്‍ അവളോടൊപ്പം വളര്‍ന്നുകൊണ്ടിരുന്നു. പള്ളിക്കൂടത്തില്‍നിന്നും വീട്ടിലേക്കുള്ള വഴിയില്‍ അമ്മയോട് ചോദിക്കാനുള്ള ചോദ്യം രൂപപ്പെടുത്താനായി സ്വരുക്കൂട്ടിവെച്ച വാക്കുകളെല്ലാം ഒറ്റമുറിവീടിന്റെ ഇരുളില്‍ മച്ചിലേക്ക് നോക്കി മിണ്ടാതെ കിടക്കുന്ന മുഖം കാണുന്നതോടെ അവളില്‍നിന്നും ചോര്‍ന്നുപോകുമായിരുന്നു. ഒരിക്കല്‍ മുറിയുടെ മൂലയ്ക്കു നിറഞ്ഞിരുന്ന സഞ്ചി അവളുടെ നിയന്ത്രണത്തെ നഷ്ടപ്പെടുത്തി. രണ്ടുകൈകൊണ്ടും പിടിച്ചുയര്‍ത്തി പുറത്തേക്ക് വലിച്ചെറിയാന്‍ ഒരുങ്ങുമ്പോള്‍ മുന്നിലുയര്‍ന്ന പൊള്ളി വികൃതമായ കൈകള്‍ അവളിലെ സംശയവും ധൈര്യവുമെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കി. മനസിലുദിച്ച സംശയങ്ങള്‍ അയാളോട് തന്നെ നേരിട്ട് ചോദിക്കണമെന്ന് കരുതിയെങ്കിലും ഒരിക്കല്‍പോലും അയാള്‍ അവള്‍ക്കു മുഖം കൊടുത്തില്ല. പലപ്പോഴും ചോരയും ചലവും പടര്‍ന്ന മുറിവുകെട്ടുമാത്രം അവള്‍ കണ്ടു. പിന്നില്‍നിന്നും അയാളെ എങ്ങനെ വിളിക്കണമെന്ന് ചിന്തിച്ചുനില്‍ക്കുമ്പോഴേക്കും കാലുകള്‍ പെറുക്കിവെച്ച് വേച്ചുവേച്ച്‌ ആ രൂപം നടന്നകന്നു. ഒരിക്കല്‍ വല്ലാത്തൊരു ധൈര്യത്തോടെ അവള്‍ അയാളെ നേരിടുകതന്നെ ചെയ്തു. അവളെ മിഴിച്ചുനോക്കിയ അയാളുടെ കണ്ണുകളിലെ ചോദ്യഭാവത്തിനു മുന്നില്‍ വാക്കുകള്‍ മറന്ന്‍ കിതപ്പോടെ അവള്‍ നിന്നു. അയാളുടെ മുഖം അന്നാദ്യമായിട്ടായിരുന്നു അവള്‍ വ്യക്തമായി കാണുന്നതുതന്നെ.

"എന്നമ്മാ വേണം?"വസൂരിക്കലകള്‍ നിറഞ്ഞ കവിള്‍ത്തടവും ചുവന്ന കണ്ണുകളും നിശബ്ദയായി നോക്കി നില്‍ക്കെ, ഏതോ ഗുഹാമുഖത്തുനിന്നെന്നപോലെ മുഴക്കമുള്ള ശബ്ദത്തില്‍ ആവുന്നത്ര കനിവും വാത്സല്യവും നിറച്ച് അയാള്‍ ചോദിച്ചു.

"എനിക്ക്... എനിക്കൊരു ജോലി...."

"എന്‍ കൂടെ വരുന്നോ? കാലു വയ്യാത്തതുകൊണ്ട് പണികളെല്ലാം തനിയെ ചെയ്യാനാവുന്നില്ല. "

പടക്കപ്പുരയിലെ അപകടത്തിനുശേഷം കൂട്ടുകാരനെ കൊലയ്ക്കു കൊടുത്തെന്ന അപവാദം കൂടിയായപ്പോള്‍ അയാള്‍ പൊതുശ്മശാനത്തില്‍ സഹായിയായി ജോലിചെയ്യുകയായിരുന്നു. കാലം അയാളെ അവിടുത്തെ സ്ഥിരം ജോലിക്കാരനാക്കി. ആത്മാവറ്റ ശരീരങ്ങള്‍ അയാളെ ഒന്നിനും പഴിച്ചില്ല. തലയോട്ടികളുടെയും ചാരക്കൂനകളുടെയും അരുകില്‍ ആരെയും ഭയക്കാതെ അയാള്‍ അന്തിയുറങ്ങി. കൂട്ടിനെത്തിയ ആത്മാക്കളോട് മാത്രം കഥപറഞ്ഞു. പണ്ടത്തെ അപകടത്തില്‍ ഉണ്ടായ കാല്‍തണ്ടയിലെ മുറിവ് മാത്രം ഒരിക്കലും കരിയാതെ അയാളോടൊപ്പം നിന്നു. കൂട്ടുകാരന്‍റെ ശാപം വിടാതെ തുടരുന്നതാണെന്നും നാട്ടുകാര്‍ പഴിച്ചു.


അന്നാദ്യമായി അവരുടെ കോലായയില്‍ അവളില്‍നിന്നു കുറച്ചകലെയായി അയാളിരുന്നു. അയാളുടെ മുഖത്ത് നോക്കിയിരിക്കെ ആദ്യമായാണ് അയാള്‍ ആരോടെങ്കിലും സംസാരിക്കുന്നതെന്ന് തോന്നി.

വീടിനുമുന്നിലൂടെ പോവാറുള്ള ഒരു ശവമഞ്ചത്തില്‍പോലും നോക്കാനുള്ള ധൈര്യമില്ലാതിരുന്ന അവള്‍ക്ക് മൃതശരീരങ്ങളുടെ അരികില്‍ വിറകും മറ്റും എടുത്തുകൊടുക്കാനും അവിടം വൃത്തിയാക്കാനുമൊക്കെ ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു.
"എതുക്ക്‌ ഭയം? ഉയിരുള്ളവരെ താന്‍ ബയക്കണം.."


അപവാദമോ പഴിയോ ഇല്ലാത്ത ലോകം കൊതിച്ചിരുന്ന അവള്‍ക്കു ആ ജോലി അനുഗ്രഹമായിരുന്നു. മാത്രമല്ല മറ്റൊരാളുടെ ഔദാര്യത്തില്‍നിന്നുള്ള മോചനവും. ആദ്യകാലങ്ങളില്‍ അവിടേക്ക് വരുന്ന ജഡത്തിന്റെ മുഖത്ത് നോക്കാന്‍ ഭയന്നിരുന്നുവെങ്കിലും ചേതനയറ്റ ശരീരങ്ങളും പച്ചമാംസത്തിന്റെ കരിഞ്ഞഗന്ധവും അടക്കിപ്പിടിച്ച തേങ്ങലുകളും എരിയുന്ന കനലിന്റെ ചൂടും പൊട്ടിച്ചിതറുന്ന അസ്ഥികളുടെ മര്‍മ്മരവും അവള്‍ക്ക് ശീലമായി. ജോലിസ്ഥലത്ത് തങ്കവേലുവിന്റെ സാന്നിധ്യം അവള്‍ക്കൊരിക്കലും ശല്യമായില്ല. ആ വൃദ്ധന്‍റെ മുറിവില്‍ പച്ചമരുന്നുകള്‍ വെച്ചുകെട്ടി, അയാള്‍ക്കുള്ള ആഹാരം വീട്ടില്‍ നിന്നും കൊണ്ടുവന്നും അവള്‍ അയാളുമായി ചങ്ങാത്തത്തിലായി. ആവശ്യത്തിനല്ലാതെ അയാളൊരിക്കലും ഒന്നും സംസാരിച്ചിരുന്നില്ല എങ്കിലും ഏതോ അദൃശ്യതരംഗങ്ങള്‍ കൊണ്ട് അവര്‍ സംവദിച്ചു. കവലയില്‍ തയ്യല്‍ക്കട ഇട്ടിരുന്ന ദിവാകരന്‍റെ വിവാഹാഭ്യര്‍ത്ഥനയുടെ കാര്യം ആദ്യം അയാളോട് പറയാനായിരുന്നു അവള്‍ക്ക് തോന്നിയത്. അന്ന് ഏകസമ്പാദ്യമായ മുഷിഞ്ഞ ഭാണ്ഡം തുറന്ന് തമിഴില്‍ എന്തോ എഴുതിയ മഞ്ഞനിറമുള്ള ചെറിയ സഞ്ചി എടുത്ത് അവള്‍ക്കുനേരെ നീട്ടി.

"നിന്‍റെ അമ്മയ്ക്ക് കൊടുക്കാനായി വെച്ചത്.. എന്‍റെ അമ്മയുടേത്.. "

എന്നോ കുഴിച്ചുമൂടപ്പെട്ട പലതും ഉള്ളില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ അവള്‍ ഞെട്ടലോടെ മുഖമുയര്‍ത്തി. കൈയിലെ മഞ്ഞസഞ്ചിയില്‍ നിന്നും എന്തോ എടുക്കാന്‍ ശ്രമിച്ചുകൊണ്ട്‌, അവളുടെ മുഖത്ത് നോക്കാതെ തന്നോടു തന്നെയെന്നപോലെ അയാള്‍ പിറുപിറുത്തു,
"അവള്‍ക്ക് ഒന്നും അറിയില്ലായിരുന്നു... എല്ലാം എന്‍ തപ്പ്.. ഒന്നും പറഞ്ചില്ല... എന്‍ അമ്മാ കിട്ടെ മട്ടും സൊന്നേന്‍... അവള്ക്ക് ഇതെ കൊടുക്ക സൊല്ലി അമ്മാ പോയി..."

ഒരു നിധിപോലെ മുന്നിലേക്ക് നീട്ടപ്പെട്ട പച്ചക്കല്ല് പതിച്ച മൂക്കുത്തി ഒരിക്കല്‍പ്പോലും നായികയ്ക്ക് മുന്നില്‍ അനാവൃതമാവാതെപോയ പവിത്രമായ ഒരു പ്രണയകഥ അവളോട്‌ പറഞ്ഞു. ചെപ്പില്‍ ഭദ്രമായി തിരികെവെച്ച്, മനസുകൊണ്ട് ഒരായിരം ക്ഷമാപണത്തോടെ അയാളുടെ കാല്‍ക്കീഴില്‍ വെച്ചു തിരിഞ്ഞുനടക്കുമ്പോള്‍ അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ തെളിയുകയായിരുന്നു.

അവളുടെ കഥകളൊന്നും അറിയേണ്ടായിരുന്നു ദിവാകരന്. നാട്ടുകാരുടെ ഭാവനാസൃഷ്ടികള്‍ക്കും അയാള്‍ ചെവി കൊടുത്തില്ല. അമ്പലത്തില്‍വെച്ച് ആദ്യമവളെ കണ്ടപ്പോള്‍തന്നെ ദേവകിയമ്മക്ക് അവളെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് അവരുടെ മുഖം വ്യക്തമാക്കിയിരുന്നു. മൂന്നുപ്രദക്ഷിണം കഴിഞ്ഞു തിരിച്ചെത്തിയ അവരുടെ മുഖത്ത് നിറവ്യത്യാസം വരുത്തിയത് ഭഗവാന്‍റെ നിത്യഭക്തയായ നാണിയമ്മയാണോ മാലകെട്ടാനിരിക്കുന്ന പാര്‍വതിവാരസ്യാരാണോ എന്നേയുണ്ടായിരുന്നുള്ളൂ അറിയാന്‍. അമ്മയോട് പലതും പറഞ്ഞുകൊണ്ട് പിന്നാലെയോടുന്ന ദിവാകരനോട് അവള്‍ക്ക് സഹതാപം തോന്നി. അന്ന് വേലുവിന്റെ ചോദ്യത്തിന് മുന്നില്‍ അവള്‍ വെറുതെ ചിരിച്ചു. ഹൃദ്രോഗിയായ അമ്മയുടെ സന്തോഷത്തിനുവേണ്ടി ദിവാകരന്‍ പിന്നീടൊരിക്കലും അവളുടെ വീടിനു മുന്നിലൂടെ യാത്ര ചെയ്തില്ല.

*************************

"ഭദ്രേച്ചി സ്വപ്നം കാണ്വാ?" മണിയന്‍റെ ചോദ്യം കേട്ട്, അവള്‍ മൂലയില്‍ ചുരുണ്ടു കിടന്നിരുന്ന തങ്കവേലുവിനു നേരെ ഒന്ന് പാളിനോക്കിയിട്ടു ജോലി തുടര്‍ന്നു. സൂര്യന്‍ വിടപറയുന്ന നേരത്തായിരുന്നു ദേവകിയമ്മയുടെ മൃതദേഹം സംസ്കാരത്തിനെത്തിയത്. നാട്ടുകാരും ബന്ധുക്കളുമായി വളരെ കുറച്ചുപേര്‍മാത്രം ഉണ്ടായിരുന്ന ചടങ്ങിനു മൂകസാക്ഷിയായി അവള്‍ മാറിനിന്നു. നിത്യനിദ്രയിലാണ്ട ദേവകിയമ്മയുടെ മുഖത്ത് നോക്കാന്‍ എന്തുകൊണ്ടോ അവള്‍ക്കായില്ല. ഇരുള്‍വീണ വഴിയിലൂടെ വീട്ടിലേക്കു ധൃതിയില്‍ നടക്കുമ്പോള്‍ പിന്നിലൂടെ ആരോ ഓടിവരുന്ന ശബ്ദം അവളുടെ ഹൃദയമിടുപ്പ് വര്‍ധിപ്പിച്ചു. ദിവാകരന്‍റെ ഉച്ചത്തിലുള്ള കിതപ്പില്‍നിന്നും വാക്കുകള്‍ വേര്‍തിരിച്ചെടുക്കാന്‍ അവള്‍ക്കു ശ്രദ്ധയോടെ കാതോര്‍ക്കേണ്ടിവന്നു.

" അമ്മ... ഇന്നലെ...അയാള്‍... തങ്കവേലു... അമ്മയെ കാണാന്‍ വന്നിരുന്നു... രാത്രി അമ്മ എന്നെ അടുത്തുവിളിച്ചു സങ്കടപ്പെട്ടു.. നിന്നെ കാണണമെന്നും പറഞ്ഞു... പുലര്‍ച്ചെ.... പോയി.. " ഗദ്ഗദം വാക്കുകളെ നഷ്ടപ്പെടുത്തി.. മറുപടി ഒന്നും പറയാതെ തിരിഞ്ഞോടുന്ന അവളെ പകച്ചുനോക്കിക്കൊണ്ട് ദിവാകരന്‍ നിന്നു.

തങ്കവേലുവിന്റെ ഭാണ്ഡം തോളിലേറ്റി അയാളുടെ ചുളിവുവീണ കയ്യും മുറുകെപിടിച്ചു വീട്ടിലേക്കുനടക്കുമ്പോള്‍ അവളുടെ മുഖത്ത് തികഞ്ഞ ശാന്തതയായിരുന്നു.

Sunday, February 8, 2009

അതൊരു സായാഹ്നമായിരുന്നു

ആശുപത്രിയില്‍ കിടക്കയോട് ചേര്‍ന്നുകിടന്ന കസേരയില്‍ മടിയിലെ കടലാസുപൊതിയില്‍ മുറുകെ പിടിച്ച് അയാള്‍ കുനിഞ്ഞിരുന്നു. വാതിലിനു പുറത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള പഴികള്‍ക്കും ശകാരങ്ങള്‍ക്കും പുറമെ ഉണ്ടാവാറുള്ള വാഗ്വാദങ്ങള്‍ക്ക് ഇപ്പോള്‍ ഈ പൊതിയായിരിക്കുന്നു വിഷയം. അനിശ്ചിതമായ ഈ കാത്തിരിപ്പ് പോലും മറന്ന് തമ്മിലടിക്കുകയാണ് മക്കള്‍. ഒന്നിനും മറുപടി കൊടുക്കാതെ, പ്രാണപ്രിയയുടെ ഓര്‍മ്മക്കടലില്‍ ഒരു പൊങ്ങുതടിപോലെ മനസ് വിട്ട് വെറുതെയിരിക്കാനാണ് അയാള്‍ക്ക്‌ തോന്നിയത്.

ബന്ധുവീട്ടില്‍ കണ്ട ചുവന്ന പട്ടുപാവാടയും മുട്ടോളം നീണ്ട കനമുള്ള മുടിയും കിലുകിലെ ചിരിയും മനം കവര്‍ന്നപ്പോള്‍ അതിന്‍റെ ഉടമയെ തേടിയുള്ള യാത്ര കുറച്ചകലെയുള്ള ടൈപ്പ്റൈറ്റിംഗ് ഇന്‍സ്ടിട്യൂട്ടില്‍ എത്തിച്ചതും പിന്നീട് അമ്മയും ഏടത്തിയും കണ്ടു ജാതകവും ചേര്‍ന്ന് മനംപോലെ മാംഗല്യമായതുമൊക്കെ ഇന്നലെ നടന്നതുപോലെ... പിന്നീടുള്ള മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍.. സ്വര്‍ഗമായിരുന്നു അവള്‍... ആവശ്യങ്ങള്‍ പറയാതെതന്നെ അറിഞ്ഞുചെയ്തിരുന്നവള്‍.. തന്‍റെ മുഖമൊന്നു മാറിയാല്‍ വാടിപ്പോവുന്ന പനിനീര്‍പ്പൂവ്.. എന്നിട്ടും... ആ ഉദരത്തില്‍ ഒരു വേദന ഉണ്ടായതു താന്‍ അറിഞ്ഞത് ഈ അടുത്തകാലത്ത്‌ മാത്രം. അറിയിച്ചില്ല ഒന്നും.. ഈ മുഖത്തെ ക്ഷീണം അറിഞ്ഞു പ്രവര്‍ത്തിക്കുന്നവള്‍ തിരിച്ചും പ്രതീക്ഷിച്ചിരിക്കില്ലേ? ലോകത്തിലെ ഏറ്റവും സ്നേഹസമ്പന്നനായ ഭര്‍ത്താവെന്ന അഹങ്കാരത്തിന്മേലാണ് അവളുടെ ഗര്‍ഭപാത്രത്തെ കാര്‍ന്നുതിന്നുന്ന കരിന്തേളുകള്‍ ഇഴഞ്ഞുകയറിയത്‌.

മക്കള്‍ പഴിക്കുന്നതില്‍ എന്താണ് തെറ്റ്? നഗരത്തിന്‍റെ ശബ്ദഘോഷങ്ങളും പരിഷ്കാരമുഖങ്ങളും നാലുചുവരുകള്‍ക്കുള്ളിലെ ജീവിതവും ആസ്വദിക്കാനാവാതെ അമ്പലക്കുളത്തിലെ കുളിയും ആല്‍ത്തറയിലെ നുറുങ്ങുസല്ലാപവും വൈകുന്നേരങ്ങളിലെ ഇളംകാറ്റും സുഖമെന്ന് കരുതുന്ന ആള്‍ പഴഞ്ചനല്ലേ? വര്‍ഷങ്ങളുടെ അധ്വാനത്തിന്റെ ബാക്കിപത്രമായി കിട്ടുന്നതുകൊണ്ട്, തനിച്ചു നടക്കാവുന്നിടത്തോളംകാലമെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാന്‍ തീരുമാനിച്ചാല്‍ അച്ഛന്‍ ദുരഭിമാനിയല്ലാതെ മറ്റെന്താണ്? ഒടുവില്‍ ഒരുനാള്‍ മകനോടൊത്ത്‌ പടിപ്പുര കടന്നെത്തിയ പുത്തന്‍ പണക്കാരന്റെ കൈയിലെ പെട്ടിക്ക് അച്ഛന്‍റെ സ്വപ്നങ്ങളേക്കാള്‍ വിലയുണ്ടെന്ന് മകന്‍ തര്‍ക്കിച്ചപ്പോള്‍ നിഷേധിക്കാന്‍ ശ്രമിച്ചതോടെ എതിരാളിയുമായി. മുന്‍പ് മക്കളുടെ കുറ്റപ്പെടുത്തലുകള്‍ക്ക് അച്ഛന്‍റെ ഭാഗത്തുനിന്ന് വാദിച്ചിരുന്നയാള്‍ വേദനകളുടെ ലോകത്ത് നിന്നുള്ള മോചനവും കാത്തു ഉള്ളിലെ മുറിയില്‍ പാതിജീവനായി കിടക്കുന്നു.

വൈദ്യപരിശോധനയുടെ ഫലം അറിഞ്ഞ രാത്രി ഒരേകിടക്കയില്‍ അരണ്ട വെളിച്ചത്തില്‍ മുഖത്തോടുമുഖം നോക്കിക്കിടന്നുകൊണ്ട് ചോദിച്ചപ്പോഴും വേദനയാല്‍ മങ്ങിയതെങ്കിലും പതിവു പുഞ്ചിരി നിലനിര്‍ത്താന്‍ ശ്രമിച്ചു, "വയസ്സായില്ലേ ശേഖരേട്ടാ... എപ്പോഴും ഒരേപോലെയിരിക്കുമോ? അല്ലെങ്കിലും എനിക്കങ്ങനെ വലിയ അസുഖോന്നും ഇല്ലാന്നല്ലേ ശശിക്കുട്ടന്‍ പറഞ്ഞത്?" നിമിഷംപ്രതി വളരുന്ന വേദനയില്‍ അവളും മനസ്സിലാക്കിയിരിക്കും അതല്ല ശരിയെന്ന്‌. അപ്പോഴും തന്നെ ആശ്വസിപ്പിക്കാനും പഴയപോലെ കാര്യങ്ങള്‍ നോക്കിനടത്താനും അവശതയിലും ശ്രമിച്ചുകൊണ്ടിരുന്നു പാവം. കുറെ ഗുളികകള്‍ക്കും കുത്തിവെയ്ക്കലുകള്‍ക്കും ഒടുവില്‍ കരിന്തേളുകളെ വീര്യംകൂടിയ രശ്മികള്‍ കൊണ്ടു നശിപ്പിക്കാന്‍വേണ്ടി എല്ലാവരും ചേര്‍ന്നു അവളെ സജ്ജമാക്കിയപ്പോഴേക്കും ആ മുഖത്തേക്ക് നോക്കാനുള്ള തന്‍റെ ശക്തി പൂര്‍ണമായും നഷ്ടമായിരുന്നു. ഈ അന്‍പത്തിമൂന്നാംവയസ്സിലും ഒന്നോ രണ്ടോ വെള്ളിവരകള്‍ മാത്രം കയറിയിരുന്ന ആ കേശഭാരമില്ലാതെ, എന്നോ കണ്ടുമറന്ന ഒരു സന്യാസിനിയെ പോലെയിരുന്ന അവളുടെ മുഖത്തെ ശാന്തത വല്ലാതെ ഭയപ്പെടുത്തുന്നതായിരുന്നു.

ജനാലയ്ക്കപ്പുറം കുറച്ചകലെയായി പച്ചപുതച്ച കുന്നിന്‍ചെരിവിനെ പോക്കുവെയില്‍ പൊന്നാട അണിയിച്ചിരിക്കുന്നു. പുല്ലില്‍ ഓടിക്കളിക്കുന്ന കുട്ടികള്‍... അവര്‍ക്കിടയിലൂടെ ശശിക്കുട്ടനും ശോഭയും രവിക്കുട്ടനുമല്ലേ ഓടി വരുന്നത്? ശോഭയുടെ കുഞ്ഞുടുപ്പില്‍ നിറയെ മണ്ണുപറ്റിയിരിക്കുന്നല്ലോ... അല്ലെങ്കിലും കളിക്കുമ്പോള്‍ ഈ ആണ്‍കുട്ടികള്‍ക്ക് ഒരു ശ്രദ്ധയും ഇല്ല.. എത്ര പറഞ്ഞാലും കേള്‍ക്കില്ല! അച്ഛന്‍റെ കൈയിലെ പൊതിയിലുള്ളത് ആര്‍ക്കാണ് ആദ്യമെന്ന തര്‍ക്കത്തിലാണ് മൂവരും..
"കുട്ടികളെ ഇങ്ങനെ കളിപ്പിക്കാതെ വീതിച്ചുകൊടുത്തുകൂടെ ശേഖരേട്ടാ..?"
ഭാനൂ... നീ... നീയെങ്ങനെ ഈ കുന്നിന്മുകളില്‍...? അവിടെയിരിക്കുന്നത് സൂക്ഷിച്ച്...! കാണെക്കാണെ അവള്‍... താഴേക്ക് മറഞ്ഞുവോ...?

ഒരു വല്ലാത്ത നടുക്കത്തോടെ പിടഞ്ഞെഴുന്നെല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണുപോയ പൊതി എടുത്തുകൊണ്ടു തിടുക്കത്തില്‍ മുറിക്കു പുറത്തിറങ്ങി. നീണ്ട ഇടനാഴിയുടെ അങ്ങേത്തലയ്ക്കല്‍ വാതില്‍ മലര്‍ക്കെ തുറന്നു കുറെ വെളുത്തരൂപങ്ങള്‍ ഒരു സ്ട്രക്ചര്‍ തള്ളിക്കൊണ്ട് പുറത്തേക്ക് വരുന്നു. കുന്നിന്‍ചരിവില്‍ വീണു കിടക്കുകയല്ലേ ഭാനുമതി.. എവിടെനിന്നോ ആര്‍ജിച്ച വല്ലാത്തൊരു ശക്തിയോടെ ആശുപത്രിക്കെട്ടിടത്തിന്റെ പിന്നിലേയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഓടുകതന്നെയായിരുന്നു. പച്ചവിരിച്ച കുന്നിന് പകരം ചാരനിറത്തിലുള്ള കെട്ടിടം മാത്രം ഉയരത്തില്‍ നിന്നിരുന്നു. അപ്പോള്‍... ഞാന്‍ കണ്ടതെല്ലാം...? അവിടെ വെള്ളപുതച്ചുകിടന്ന രൂപത്തിനുപിന്നില്‍ പൊട്ടിക്കരഞ്ഞത് ശോഭയായിരുന്നോ? പെരുവിരലില്‍ നിന്ന് ഒരു വിറയല്‍ മുകളിലേക്ക് പടര്‍ന്നുപിടിക്കുന്നു... ഒന്നും കാണാനാവുന്നില്ലല്ലോ ഭഗവാനെ... നെഞ്ചിന്നുള്ളില്‍ പൊട്ടിത്തെറിക്കുന്നത് അഗ്നിപര്‍വതമാണോ? ശരീരത്തിന് ഭാരമില്ലാതാവുന്നത് പോലെ... കൈകാലുകള്‍ തളര്‍ന്നുപോവുന്നു... വീഴ്ചയില്‍ കൈയിലെ പൊതി ദൂരെ എവിടെയോ തെറിച്ചു വീണു... ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ ആകാശത്തേയ്ക്കുയര്‍ന്ന ധൂളികളോടൊപ്പം ഭാനുമതിയുടെ മുടിച്ചുരുളുകള്‍ അവിടം മുഴുവന്‍ പാറിപ്പറന്നു.

Friday, January 23, 2009

ആല്‍ബത്തില്‍ നിന്നൊരേട്

രാവിലെ പതിവുപോലെ എഴുത്തുപെട്ടി തുറന്നപ്പോള്‍ ഓര്‍ക്കുട്ടില്‍ നിന്നും ഓര്‍മ്മയുണ്ടോ എന്ന ചോദ്യവുമായി സൌഹൃദക്ഷണം കണ്ടു. തോമസ് ഓണ്‍ വെക്കേഷന്‍ എന്ന് പേരു കണ്ടു മനസിലാവാതെ പ്രൊഫൈല്‍ നോക്കാന്‍ തന്നെ തീരുമാനിച്ച് ഓര്‍ക്കുട്ട് തുറന്നു. വ്യക്തമല്ലാത്ത ചിത്രത്തിലെ മുഖം പരിചിതര്‍ക്കിടയില്‍ തിരഞ്ഞു പരാജയപ്പെട്ട് അയാളുടെ സൌഹൃദക്കൂട്ടത്തില്‍ ഒന്നു കണ്ണോടിച്ചപ്പോള്‍ ചെന്നൈയില്‍ എന്‍റെകൂടെ താമസിച്ചിരുന്ന യമുനയുടെ സുസ്മേരവദനം കണ്ടതോടെ മനസ് വര്‍ഷങ്ങള്‍ക്കു പിന്നിലേക്കു അതിവേഗം പാഞ്ഞു.

പ്രതിശ്രുതവരനുമായുള്ള ഞായറാഴ്ച്ച രാത്രിയിലെ ടെലിഫോണ്‍ സല്ലാപം കഴിഞ്ഞെത്തിയ ആളുടെ മുഖത്ത് പതിവുനാണവും കള്ളച്ചിരിയും കാണാഞ്ഞ് കാര്യം അന്വേഷിച്ചപ്പോള്‍ പരിഭ്രമത്തിന്റെ ഛായ സ്വരത്തിലും ചാലിച്ച് യമുന എന്നെ വിളിച്ചുകൊണ്ട് മുറിക്കു വെളിയിലേക്ക് ധൃതിയില്‍ നടന്നു. അങ്ങുമിങ്ങും എത്താത്ത കുറെ വാചകങ്ങള്‍ തിടുക്കപ്പെട്ടു പറഞ്ഞതില്‍ കാര്യം നിസ്സാരമല്ലെന്നു മാത്രം ആദ്യം മനസിലായി. മുഴുവനും പറഞ്ഞുകഴിഞ്ഞു ഒടുവില്‍ എന്‍റെ കൈയ്യില്‍ മുറുകെ പിടിച്ചു, "നാളെ റെയില്‍വേസ്റ്റേഷനിലേക്ക് നീയും വരണം... ആ പെണ്‍കുട്ടിക്ക് ഒരു ധൈര്യത്തിനാ നമ്മള്‍... എല്ലാം ബാബുസാര്‍ നോക്കിക്കോളും... വൈകിട്ട് തന്നെ തിരിച്ചുപോവുമായിരിക്കും. "

അവളില്‍ നിന്നും പകര്‍ന്ന പരിഭ്രമത്തെ അകറ്റാനായി ഞാന്‍ അടുത്തദിവസം കാണാന്‍ പോവുന്ന ആ പ്രണയജോടികളെ മനസ്സില്‍ വരയ്ക്കാന്‍ ശ്രമിച്ചു. അന്യമതത്തിലുള്ള നാട്ടുപ്രമാണിയുടെ മകളെ ജീവന്‍ പണയം വെച്ചു വിളിച്ചിറക്കി രായ്ക്കുരാമാനം നാടുകടന്ന ആ തോമാച്ചനെ ഒന്നു കാണാതെ പറ്റില്ലല്ലോ! പേടിച്ച മുഖവുമായി ബോംബെ നഗരത്തില്‍ വന്നിറങ്ങിയ മണിരത്നം പടത്തിലെ നായികയെ പോലെ ഹൃദയത്തില്‍ അടങ്ങാത്ത അനുരാഗവും പ്രതീക്ഷയും പിരിമുറുക്കവുമായി നില്ക്കുന്ന പെണ്‍കുട്ടിയെയും സങ്കല്പിച്ചുകിടന്ന് ഉറങ്ങാന്‍ വൈകിയത് കൊണ്ടാവാം രാവിലെ യമുനയുടെ വിളിയാണ് എന്നെ ഉണര്‍ത്തിയത്.

രാവിലെ മനുവേട്ടന്‍ വീണ്ടും വിളിച്ചുവത്രേ. അവിടെ പ്രശ്നം ഗുരുതരമായിക്കൊണ്ടിരിക്കുന്നു. തോമാച്ചന്റെ ജോലിസ്ഥലത്തേക്ക് പെണ്‍കുട്ടിയുടെ ആള്‍ക്കാര്‍ ഗുണ്ടകളുമായി തിരിച്ചിരിക്കുന്നു. അവര്‍ സംശയിക്കാനിടയില്ലാത്ത സ്ഥലമായത് കൊണ്ടാണ് ഇങ്ങോട്ട് പറഞ്ഞുവിട്ടതെന്ന്... പോലീസില്‍ വിവരം കൊടുത്തിട്ടില്ലെന്നാണ് ഇപ്പോഴത്തെ അറിവ്.. തലേന്ന് സംഭരിച്ച ധൈര്യമൊക്കെ കുറേശ്ശെ ചോര്‍ന്നുവോ? എന്തായാലും പോവുകതന്നെ!

സബ്അര്‍ബന്‍ ട്രെയിനില്‍ അതിരാവിലെ വലിയ തിരക്കുണ്ടായിരുന്നില്ല. ബാലസൂര്യന്‍ ശക്തികുറഞ്ഞ കിരണങ്ങള്‍ കൊണ്ടു പുകമഞ്ഞില്‍ കളം വരച്ചുകൊണ്ടിരിക്കേ ഞങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തി.

യമുനയുടെ മുഖം മനുവേട്ടന്റെ പഴ്സില്‍ കണ്ടിട്ടുണ്ടെന്ന് തോമാച്ചന്‍ അറിയിച്ചതിനാലായിരുന്നു ബാബുസാര്‍ പ്രധാനകവാടത്തില്‍തന്നെ ഞങ്ങള്‍ക്കായി കാത്തുനിന്നത്. ഞങ്ങള്‍ അവിടെ എത്തുന്നതിനു മുന്‍പുതന്നെ ആലപ്പി എക്സ്പ്രസ്സ് വന്നിരുന്നു എന്ന് പുറത്തേക്ക് ഒഴുകുന്ന മലയാളശബ്ദങ്ങളില്‍നിന്നും തിരിച്ചറിഞ്ഞു. അതുകൊണ്ട്തന്നെ പരിചയക്കാരെയൊന്നും കാണല്ലേ എന്ന പ്രാര്‍ത്ഥനയായിരുന്നു അപ്പോള്‍ എന്‍റെയുള്ളില്‍. പുറത്തേക്കും അകത്തേക്കും ഒഴുകുന്ന ജനപ്രവാഹത്തില്‍ വീരശൂരപരാക്രമിയായ ഒരു പുരുഷനെയും അവനോടോട്ടിയിരിക്കുന്ന ഒരു മാന്‍പേടയെയും തിരഞ്ഞുകൊണ്ട്‌ ആകാംക്ഷയോടെ ഞങ്ങള്‍ മൂവരും ഉള്ളിലെത്തി.

നിരത്തിയിട്ടിരിക്കുന്ന അനേകം കസേരകളില്‍ കണ്ണോടിക്കവേ, കാഴ്ചയ്ക്ക് കോളേജ്കുമാരനെപോലെയിരിക്കുന്ന ഒരു യുവാവ് എഴുന്നേറ്റു ഞങ്ങള്‍ക്ക് നേരെ നടന്നടുത്തു. വിളറിയ ചിരിയോടെ യമുനയെ വിളിച്ച് സ്വയം പരിചയപ്പെടുത്തി. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ ഞാന്‍ മാന്‍പേടയ്ക്കായി പരതി. തോമാച്ചന്‍ ഇരുന്നതിനു തൊട്ടടുത്ത കസേരയില്‍ ഒരു ബാഗ് മടിയില്‍ വെച്ചുകൊണ്ട് ഒരു സുന്ദരിപെണ്‍കുട്ടി ഇരുന്നിരുന്നു. മുഖത്തേക്ക് പറന്നുവീഴുന്ന മുടിയും ഉറക്കച്ചടവുള്ള കണ്ണുകളും ഒക്കെയായി യാത്രാക്ഷീണമല്ലാതെ തലേന്ന് രാത്രി ഞാന്‍ വരച്ച ഭയമോ വിഷാദമോ അവിടെ കാണാനായില്ല. പകരം അവിടെ ഏതോ ദൃഢനിശ്ചയമോ, ആ കണ്ണുകളില്‍ ഒരു സ്നേഹക്കടലോ ഒക്കെ ആണെന്നെനിക്കു തോന്നി.

ആദ്യം വല്ലതും കഴിക്കാമെന്ന നിര്‍ദ്ദേശം ബാബുസാര്‍ ആണ് ഉന്നയിച്ചത്‌. ചൂടുള്ള ഇടലിയും സാമ്പാറും മുന്നില്‍ നിരക്കെ, നേരത്തെ രൂപകല്പന ചെയ്ത പദ്ധതി ബാബുസാര്‍ പറയുമ്പോള്‍ ചെറിയൊരു ഞെട്ടല്‍ എന്നോടൊപ്പം യമുനയിലും ഉണ്ടായി. വിവാഹം രജിസ്റ്റര്‍ ചെയ്തിട്ട് ജോലിസ്ഥലത്തേക്ക് പോവുന്നതാവും സുരക്ഷിതമെന്നും അതിന് അടുത്തദിവസം മാത്രമേ സൌകര്യപ്പെടുകയുള്ളൂ എന്നതിനാല്‍ അതുവരെ വീണയെ ഞങ്ങളോടൊപ്പം താമസിപ്പിക്കാം എന്നും പറയുന്നതോടൊപ്പം പോലീസില്‍ അറിയിച്ചിട്ടുണ്ടാവാന്‍ സാധ്യതയുള്ളത് കൊണ്ടു നിങ്ങള്‍ ഒന്നു സൂക്ഷിക്കണം എന്നുള്ള അവസാനത്തെ വാചകമായിരുന്നു ഞങ്ങളെ നടുക്കിയത്. പക്ഷെ ആ പ്രണയജോടികളുടെ മുഖത്തെ ദയനീയത കണ്ടതോടെ ഞങ്ങള്‍ രണ്ടുംകല്‍പ്പിച്ചു ഒരുമിച്ചു തലകുലുക്കി. മാത്രമല്ല മനുവേട്ടന്‍ അത്രയ്ക്ക് കാര്യമായി എല്പ്പിച്ചുവെങ്കില്‍ അതത്രക്ക്‌ ഗൌരവം ഉള്ളതുകൊണ്ടും കൂടിയാവുമല്ലോ എന്ന് ട്രെയിനില്‍ ഇരിക്കുമ്പോള്‍ യമുന പറഞ്ഞതും ഓര്‍ത്തു. അധികമൊന്നും സംസാരിച്ചില്ലെങ്കിലും അവര്‍ എന്തുകൊണ്ടോ പ്രിയങ്കരരായിത്തീരുകയും അവരുടെ ഭാവി ഇപ്പോള്‍ ഞങ്ങളുടെ കൈയിലാണെന്ന തോന്നലുണ്ടാവുകയും ചെയ്തു.

ട്രെയിനില്‍ കയറാന്‍ നേരത്ത് നാലുകണ്ണുകള്‍ പരസ്പരം കോര്‍ത്ത്‌ ആശയവിനിമയം നടത്തുന്നത് കൌതുകത്തോടെ ഞാന്‍ നോക്കിപ്പോയി. അപ്പോള്‍ മാത്രം പരിചിതരായവരുടെകൂടെ പ്രാണസഖിയെ തനിച്ചയക്കുന്നതിന്റെ ആശങ്ക നിഴലിക്കുന്ന മുഖവുമായി നില്ക്കുന്ന തോമാച്ചന്റെ അടുത്തേക്ക് ചെന്ന് ഞങ്ങള്‍ രണ്ടുപേരും ഒരേ സ്വരത്തില്‍ വീണയെ ഞങ്ങള്‍ നോക്കിക്കൊള്ളാം, എന്ന് ആശ്വസിപ്പിച്ചു. പല സിനിമകളിലും കണ്ടിട്ടുള്ള, നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ വാതില്‍ക്കല്‍ നില്ക്കുന്ന നായികയുടെ കൈ നായകന്റെ കൈയില്‍ സ്പര്‍ശിച്ച് വിട്ടുപോവുന്ന രംഗമൊക്കെ ലൈവ് ആയി കാണാനുള്ള ഭാഗ്യം സിദ്ധിച്ചവരായി ഞങ്ങള്‍.

സമയമായതുകൊണ്ട് ഞാന്‍ നേരെ ഓഫീസിലേക്ക് പോയി. അതിഭയങ്കരമായ രഹസ്യം സൂക്ഷിക്കുന്നതിന്റെ ക്ഷീണം കൊണ്ട് ഒന്നിലും മനസ്സുറയ്ക്കാതെ കാലഘടികാരം കുറേകൂടി വേഗത്തില്‍ ചുറ്റാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ചിന്തിച്ചു എങ്ങനെയൊക്കെയോ വൈകുന്നേരമാക്കി. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഞാന്‍ നേരെ ടി.നഗറിലേക്ക് ചെന്ന് ചെന്നൈ സില്‍ക്സിന്റെ മുന്നില്‍ കാത്തു നിന്നിരുന്നവരോടൊപ്പം കൂടി. കല്യാണസാരികളുടെ അടുത്തേക്ക് വെറുതെ ചെന്ന് നോക്കി.. കൊക്കില്‍ ഒതുങ്ങുന്നതായി തോന്നിയില്ല. ഒടുവില്‍ ഒരു കേരളാസാരി കൊണ്ട് തൃപ്തിപ്പെട്ടു. അല്ലെങ്കിലും ഇതിന്‍റെ പകിട്ടൊന്നു വേറെ തന്നെയാണെന്ന് അഭിപ്രായപ്പെട്ട് ഞങ്ങള്‍ തിരിച്ചു മുറിയിലെത്തി. ഭാഗ്യത്തിന് തഞ്ചാവൂര്‍ക്കാരി നാട്ടില്‍ പോയിരിക്കുന്നതുകൊണ്ട് ഞങ്ങളുടെ മുറിയിലെ അതിഥിയായി വീണ കൂടി.
മൂന്നുപേരും പലതരം ചിന്തകളാല്‍ ഉറക്കം നഷ്ടപ്പെട്ട്‌ ഇരുളില്‍ വെറുതെ കിടക്കവേ, വീണ സംസാരിച്ചു തുടങ്ങി. "പാവമാണ് എന്‍റെ അച്ഛന്‍.. വീട്ടില്‍ എല്ലാര്‍ക്കും സ്നേഹമാണ്.. പക്ഷെ.. " ശബ്ദം നേര്‍ത്തുനേര്‍ത്ത് ഒരു തേങ്ങല്‍ പോലെയായി.. പരസ്പരം കാണാനാവുന്നില്ലെങ്കിലും കട്ടിലില്‍ ഇരിക്കുന്ന നിഴൽരൂപം കണ്ട് ഞങ്ങള്‍ ഇരുവരും എഴുന്നേറ്റു. അവള്‍ ഞങ്ങളെ ശ്രദ്ധിച്ചില്ലെന്നു തോന്നി. ഇടയ്ക്കെപ്പോഴോ ഗദ്ഗദത്താല്‍ അടഞ്ഞുപോയ ശബ്ദം വീണ്ടെടുത്ത്‌ കുറച്ചുകൂടി വ്യക്തതയോടെ പറഞ്ഞു.. "ഞാനില്ലാതെ ജീവിക്കാനാവില്ല ന്റെ തോമസിന്... അവര്... ആ പാവത്തിനെ കൊല്ലാന്‍ വരെ നോക്കി.. അതൊക്കെയാ... " കുറച്ചുനേരത്തേക്ക് സ്തബ്ധരായി വാക്കുകള്‍ പരതി ഞങ്ങളിരുന്നു. കുനിഞ്ഞിരുന്ന അവളുടെ അടുത്ത് ചെന്നിരുന്ന് കൈയില്‍ അമര്‍ത്തിപ്പിടിക്കാനെ എനിക്ക് കഴിഞ്ഞുള്ളു.. 'ഉറങ്ങൂ വീണ.. ' എന്നായിരുന്നു യമുനക്ക് പറയാനായത്.

രാവിലെയുണര്‍ന്നപ്പോള്‍ ഉറക്കച്ചടവുള്ള അവളുടെ മുഖം വിളറിയിരുന്നു. യമുന എന്തൊക്കെയോ ആശ്വാസവാക്കുകള്‍ പറഞ്ഞുവെന്നുതോന്നി. രാവിലെത്തന്നെ ഞങ്ങള്‍ ഒരുങ്ങിയിറങ്ങി. ഹോസ്റ്റലിലുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ പൂവും ആഭരണങ്ങളും ഓട്ടോറിക്ഷയില്‍ വെച്ചാണ് അണിയിച്ചത്. സബ് രെജിസ്ട്രാര്‍ ഓഫീസിലേക്ക് അധികം ദൂരമില്ലായിരുന്നു. എല്ലാവരും ഒരുമിച്ചതിനുശേഷവും യമുനയുടെയും ബാബുസാറിന്റെയും തമാശകള്‍ മാത്രം അന്തരീക്ഷത്തെ ലളിതമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നതല്ലാതെ പൊതുവെ വിഷയദാരിദ്ര്യം അനുഭവപ്പെട്ടു. ഏറെനേരത്തെ കാത്തിരുപ്പിനു ശേഷം രെജിസ്ട്രാര്‍ പ്രത്യക്ഷനായി. കാര്യങ്ങള്‍ സംസാരിച്ചുകൊണ്ട് ബാബുസാറും തോമാച്ചനും യമുനയും ഉള്ളിലേക്ക് കയറി. എന്‍റെ അരികില്‍ അകലേക്ക്നോക്കി വെറുതെയിരുന്നിരുന്ന വീണയുടെ കൈത്തണ്ടയില്‍ മുറുകെ പിടിക്കാനേ എനിക്ക് അപ്പോഴും കഴിഞ്ഞുള്ളു.. ഒപ്പിടാനായി ഉള്ളിലേക്ക് വിളിച്ചപ്പോള്‍ അവള്‍ എഴുന്നേറ്റ് എന്‍റെ നേരെ നോക്കി. ഒരുപാടുനേരംകൊണ്ട് സ്വരൂപിച്ച കുറച്ചു വാക്കുകള്‍ ഞാനിങ്ങനെ ക്രമപ്പെടുത്തി പറഞ്ഞു.. "എല്ലാം തീരുമാനിച്ചതല്ലേ.. ഇനി നന്നായി പ്രാര്‍ത്ഥിച്ചു ധൈര്യമായി പൊയ്ക്കൊള്ളൂ... ഞങ്ങളുടെയൊക്കെ പ്രാര്‍ത്ഥന ഉണ്ട് കൂടെ.. "

ആ ചടങ്ങ് കഴിഞ്ഞതോടെ നവദമ്പതികളുടെ മുഖങ്ങളിലെ ആശ്വാസവും സന്തോഷവും ഞങ്ങളിലേക്കും പകര്‍ന്നു. കളിചിരികളുമായി ഹോട്ടലില്‍ നിന്നും സദ്യ ഉണ്ട്, ഞങ്ങള്‍ അവരവരുടെ ജോലിസ്ഥലത്തേക്കും അവര്‍ ബാബുസാറിനോടൊപ്പവും യാത്രയായി.
പിറ്റേന്നും ഞങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ അതിരാവിലെ എത്തി, തലേന്നത്തെ ഭയമൊക്കെ മറന്ന്.. പെട്ടിയും ബാഗുമൊക്കെയായി പഴയ കസേരകളിലൊന്നില്‍ സീമന്തരേഖയില്‍ സിന്ദൂരമണിഞ്ഞ വീണ ഒരു കുടുംബിനിയുടെ ഭാവത്തോടെ ഇരുന്നു. ഞങ്ങളെ കണ്ടയുടനെ അടുത്തുള്ള ടെലെഫോണ്‍ ബൂത്തില്‍ നിന്നിറങ്ങി തോമാച്ചന്‍ ഓടിവന്നു.
"നിങ്ങളോട്... " നന്ദിപ്രകടനത്തിന്റെ രംഗം തുടരാനുള്ള ബുദ്ധിമുട്ടുകൊണ്ട്‌ യമുന ഇടയില്‍ കയറി എന്തോ പറഞ്ഞു.
"അതെ വെറും നന്ദിവാക്കില്‍ ഒതുക്കാവുന്നതല്ലാ..." വീണ്ടും പറഞ്ഞുതുടങ്ങിയ തോമാച്ചനില്‍ നിന്നും തിരിഞ്ഞു ഞങ്ങള്‍ മറ്റെന്തൊക്കെയോ പറഞ്ഞു വിഷയം മാറ്റി.. അപ്പുറത്തെ പ്ലാറ്റ്ഫോമില്‍ നില്ക്കുന്ന ട്രെയിനില്‍ കയറുന്നതിനു തൊട്ടുമുന്‍പ് ബാബുസാറിനെ കെട്ടിപ്പിടിച്ചു യാത്രപറയുന്ന തോമാച്ചനോട് ചേര്‍ന്നുനിന്ന് വീണ ഞങ്ങളുടെ രണ്ടുപേരുടെയും കൈകള്‍ ഒരുമിച്ചു കവര്‍ന്നു. തുളുമ്പുന്ന കണ്ണുകളോടെ ഇത്രമാത്രം പറഞ്ഞു.. "മറക്കില്ല!"
ട്രെയിന്‍ കണ്ണില്‍നിന്നും മറയുവോളം ഞങ്ങള്‍ക്ക്നേരെ വീശിക്കൊണ്ടിരുന്ന ആ രണ്ടുകൈകള്‍ നോക്കി അല്‍പ്പനേരം കൂടി അവിടെത്തന്നെ നിന്നിട്ട്, ബാബുസാറിനോട് യാത്രപറഞ്ഞ്‌ ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ കഴിഞ്ഞതെല്ലാം ഒരു സ്വപ്നം മാത്രമായിരുന്നോ എന്ന് സംശയത്തിലായിരുന്നു എന്‍റെ മനസ്.

പിന്നീട് ഇടയ്ക്കിടക്ക് അവരുടെ സ്നേഹാന്വേഷണങ്ങള്‍ കത്തുകളായും വിളികളായും ഞങ്ങളെത്തേടി എത്തി. അങ്ങനെ കുറച്ചു മാസങ്ങള്‍ക്ക് ശേഷം തോമാച്ചന്റെ വീട്ടുകാര്‍ അവരെ നാട്ടിലേക്ക് വിളിപ്പിച്ചുവെന്നതും അമ്മ തന്നോട് സംസാരിച്ചുവെന്ന് ആഹ്ലാദത്തോടെ വീണ പറഞ്ഞതും ഞങ്ങള്‍ക്ക് ഒരുപാടു സന്തോഷംതന്ന വിശേഷങ്ങളായിരുന്നു. അതിലേറെ യുവത്വത്തിന്റെ എടുത്തുചാട്ടത്തില്‍ കുറേപേര്‍ ചേര്‍ന്ന് ചെയ്ത ഒരു കാര്യം മാത്രമായി ഞങ്ങള്‍ ചെയ്തത് പാഴായിപ്പോയില്ലെന്ന അറിവ് ഒരു വലിയ ആശ്വാസവും.

ഈശ്വരാ.. വര്‍ഷങ്ങള്‍ എത്രപെട്ടെന്നാണ് കടന്നുപോയത്! തോമാച്ചന്റെ ക്ഷണം സ്വീകരിച്ച്, അയാളുടെ പേജിലെ കാര്യങ്ങള്‍ ഓടിച്ചുവായിച്ച് ആല്‍ബം തുറന്നു. പണ്ടത്തെ കോളേജ്കുമാരനില്‍ നിന്നും ഒരുപാടുമാറി തടിയൊക്കെ വെച്ച് തനിഅച്ചായന്‍ ആയിട്ടുണ്ട്‌. നിറകണ്ണുകളോടെ യാത്രപറഞ്ഞുപിരിഞ്ഞ വീണയ്ക്കും ഒരു ഇരുത്തംവന്ന വീട്ടമ്മയുടെ ഭാവം. അവരുടെ ചിരി നല്‍കിയ സന്തോഷവും സംതൃപ്തിയുമായി ചിന്തകളില്‍ സ്വയം മറന്ന് കുറെനേരംകൂടി ഇരുന്നിട്ട് ഞാന്‍ തോമാച്ചന് മറുപടി അയയ്ക്കാനൊരുങ്ങി.

Thursday, January 15, 2009

എന്‍റെ മറ്റൊരു ബാല്‍ക്കണിക്കാഴ്ച്ച

"അമ്മേ.. ഒന്നിങ്ങോട്ടു വേഗം വരൂ.. "

ശനിയാഴ്ച്ചയുടെ ആലസ്യത്തോടെ പ്രാതല്‍ തയ്യാറാക്കിക്കൊണ്ടിരുന്ന എന്നെ മകള്‍ ഉറക്കെ വിളിച്ചു. രാവിലെ വൈകിയുണര്‍ന്നു ബാല്‍ക്കണിയിലെ ഗ്രില്ലിന്റെ തണുപ്പില്‍ കവിള്‍ ചേര്‍ത്തുവെച്ച് കാഴ്ച്ചകളില്‍ സ്വയംമറന്നു ഏറെനേരം നില്‍ക്കുക എന്നത് അവളുടെ ഒഴിവുദിവസത്തെ പതിവാണ്.


താഴെ പടിക്കല്‍ കുറെനേരമായി നാദസ്വരത്തിന്റെതു പോലത്തെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നുവെങ്കിലും ശനിയാഴ്ചത്തെ ഭിക്ഷക്കാരില്‍ ആരോ ഒരാളെന്നൂഹിച്ചതുകൊണ്ട് ശ്രദ്ധിച്ചതേയില്ലായിരുന്നു അതുവരെ.

"ആ പശൂന്‍റെ പുറത്തു എന്തിനാ അത്രേം തുണികള്‍ ഇട്ടിരിക്കുന്നത്? അതിന് വേദനിക്കില്ലേ? "


മകളുടെ വിളി വീണ്ടും വന്നപ്പോള്‍ കുഴച്ചുകൊണ്ടിരുന്ന പുട്ടുപൊടിയുടെ പാത്രം അടച്ചുവെച്ച് കൈകഴുകി ബാല്‍ക്കണിയില്‍ ചെന്നുനോക്കി. അപ്പുറത്തെ വീടിന്‍റെ പടിക്കല്‍ നില്ക്കുന്ന മീശക്കൊമ്പന്‍ ആയിരുന്നു ആദ്യം ശ്രദ്ധയില്‍ പെട്ടത്. കൈയിലെ നീണ്ട കുഴലില്‍ നിന്നുവന്ന ശബ്ദമാണ് നേരത്തെ കേട്ടത്. അയാളുടെ അടുത്ത് നെറ്റിയില്‍ നീണ്ട കുറിയിട്ട ഒരു കാള തലതാഴ്ത്തി നില്ക്കുന്നുണ്ടായിരുന്നു. ധാരാളം മണികള്‍ കൊരുത്ത, തുണി കൊണ്ടുള്ള ഒരു തടിച്ച ചരടാല്‍ മുഖവും കൊമ്പുകളും ചുറ്റി ബന്ധിക്കപ്പെട്ടിരിക്കുന്ന അതിന്‍റെ പുറത്ത് പരവതാനി പോലെ കട്ടിയുള്ള ഒരു തുണി ഇട്ടിരുന്നു. അതിന് മുകളിലായി നിറയെ പഴയ സാരികളും മറ്റു തുണിത്തരങ്ങളും ആ നാല്‍ക്കാലിക്ക്‌ താങ്ങാവുന്നതിലും അധികമാണെന്ന് തോന്നി. തെരുവുകള്‍ തോറും നടന്നു കിട്ടുന്ന പഴന്തുണികള്‍ ചുമക്കാനാവും അയാള്‍ അതിനെ കൊണ്ടുനടക്കുന്നത്. നീളമുള്ള മൂക്കുകയറിന്റെ മറ്റേയറ്റം അയാളുടെ കൈയിലായിരുന്നു. കുറച്ചു നേരം കൂടി അവിടെ നിന്നിട്ട് അയാള്‍ അടുത്ത പടിക്കലേക്കു നടന്നു. കയര്‍ വലിഞ്ഞപ്പോള്‍ ഏതോ ബാഹ്യപ്രേരണയാലെന്നപോലെ വിറയ്ക്കുന്ന മെലിഞ്ഞ കാലുകളോടെ ആ കാളയും ധൃതിയില്‍ നടക്കാന്‍ ശ്രമിച്ചു.



"ആ അപ്പൂപ്പനോട്‌ കുറച്ചു തുണി എടുത്തുമാറ്റാന്‍ പറയാമമ്മേ നമുക്ക്.."
ചുമലിലെ ഭാരത്തെ കുറിച്ചു എന്നെക്കാള്‍ നന്നായി ഇന്നത്തെ കുഞ്ഞുങ്ങള്‍ക്കറിയാമെന്നു തോന്നി. ഇനിയും വരുമ്പോള്‍ പറയാമെന്നു അവളെ ആശ്വസിപ്പിച്ച്, വളവുതിരിഞ്ഞു മറയുന്ന ആ മിണ്ടാപ്രാണിയെ നോക്കി ഞങ്ങള്‍ വെറുതെ നിന്നു.

ഇവിടെ പ്രമുഖതാരങ്ങള്‍ വരെ അംഗങ്ങളായുള്ള മൃഗസംരക്ഷക സംഘടനകളുണ്ട്. ഈ ജീവിയുടെ വേച്ചുവേച്ചുള്ള നടത്തം കണ്ട് ഒരു കൊച്ചുകുട്ടിക്ക് തോന്നിയ സഹതാപം പോലും എന്തേ ഇവര്‍ക്കൊന്നും തോന്നിയില്ല എന്ന് അതിശയത്തോടെ ചിന്തിച്ചുപോയി ഞാന്‍.